വയനാടിന്റെ ടൂറിസം, അടിസ്ഥാനസൗകര്യ മേഖലകളിൽ നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് ചൂരൽമല–പോത്തുകല്ല് തുരങ്കപ്പാത പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു. സംസ്ഥാന ബജറ്റിൽ ടോക്കൺ പദ്ധതിയായി ഉൾപ്പെടുത്തിയതോടെ, ഭരണാനുമതിയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കലും വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ജില്ല.
പദ്ധതിയുടെ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനായി കൽപറ്റ എംഎൽഎ ടി. സിദ്ദീഖ്, നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ ഊർജിത ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യവുമായി റോഡ് കർമസമിതികളും രംഗത്തുണ്ട്. കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത കൂടി യാഥാർഥ്യമായാൽ മേഖലയുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പദ്ധതിയെക്കുറിച്ച് മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കിയത് ഇങ്ങനെ: “പാത യാഥാർഥ്യമാകുന്നതോടെ ടൂറിസം, കൃഷി മേഖലകളിലുൾപെടെ വലിയ കുതിച്ചുചാട്ടമുണ്ടാകും.
തുരങ്കപ്പാത പദ്ധതി എത്രയും വേഗം പൂർണതയിലെത്തിക്കാനുള്ള സാധ്യത സർക്കാർ ആരായും.” ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ജനവാസമൊഴിഞ്ഞ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ഈ പാത വലിയൊരു ആശ്വാസമാകും. നിലവിൽ കാടുകയറിയും വന്യജീവികളുടെ വിഹാരകേന്ദ്രമായും മാറിയ ഈ മേഖലയിൽ തുരങ്കപ്പാതയും അനുബന്ധ വികസനങ്ങളും വരുന്നത് ജനജീവിതം സാധാരണനിലയിലാക്കാൻ സഹായിക്കുമെന്ന് നാട്ടുകാർ കരുതുന്നു.
ഇതിന്റെ ഭാഗമായി ചൂരൽമല–മേപ്പാടി റോഡിന്റെ 12.8 കിലോമീറ്റർ നവീകരണപ്രവൃത്തികൾ പുരോഗമിക്കുകയാണ്. മേപ്പാടി കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത ആൻഡ് റെയിൽവേ കർമസമിതി പ്രതിനിധി കെ.പി.
ഹൈദർ അലിയുടെ അഭിപ്രായത്തിൽ: “വയനാടിന്റെ മാത്രമല്ല, മലബാറിന്റെയാകെ വികസനക്കുതിപ്പിൽ വലിയൊരു നാഴികക്കല്ലാകും ചൂരൽമല–പോത്തുകല്ല് തുരങ്കപ്പാത. വനഭൂമിയിൽ എലിവേറ്റഡ് ഹൈവേ കൂടി വന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളും കുറയും.
വയനാടിന്റെയും മലപ്പുറത്തിന്റെയും അതിർത്തി വരെ റോഡുകളുണ്ട്. 12 കിലോമീറ്റർ റോഡ് പണിതാൽ ഉത്തരേന്ത്യയിൽനിന്നുള്ള ചരക്കുനീക്കം വേഗത്തിലാകുന്നതോടു കൂടി അവസരങ്ങളുടെ നിധികുംഭമാണു തുറക്കുന്നത്.” പ്രദേശത്തെ കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 33.96 കോടി രൂപ ചെലവിൽ ചൂരൽമലയിൽ പുതിയ പാലം നിർമിക്കാൻ തീരുമാനമായിട്ടുണ്ട്.
കൂടാതെ, ചൂരൽമല മുതൽ അട്ടമല വരെ 9 കോടി രൂപ മുടക്കി 2.5 കിലോമീറ്റർ റോഡ് നിർമാണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. മുൻകാലങ്ങളിൽ വനംവകുപ്പിന്റെ നിലപാടുകൾ പദ്ധതിക്ക് തടസ്സമായിരുന്നെങ്കിലും, ബജറ്റ് വിഹിതം ലഭിച്ചതോടെ നിയമപരമായ തടസ്സങ്ങൾ നീങ്ങുമെന്ന വിശ്വാസത്തിലാണ് കർമസമിതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

