തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധികൾക്കിടെ, പാർട്ടി ഭാരവാഹികളുടെ ഔദ്യോഗിക പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച് മമതാ ബാനർജി വിഭാഗം. പാർട്ടി അധ്യക്ഷയായി മമതാ ബാനർജി തന്നെ തുടരുമെന്ന് വ്യക്തമാക്കുന്ന രേഖകളാണ് കമ്മിഷന് കൈമാറിയത്.
20-ൽ അധികം എംപിമാരും ഒരു വിഭാഗം എംഎൽഎമാരും നേതൃത്വത്തിനെതിരെ വിമത നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ജൂൺ 20 വരെയുള്ള പാർട്ടി ഘടനയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ട
കേന്ദ്രങ്ങൾ വ്യക്തമാക്കി. പുതിയ ഭാരവാഹി പട്ടിക പ്രകാരം മമതാ ബാനർജി ചെയർപേഴ്സണായും, സുബ്രത ബക്ഷി വൈസ് പ്രസിഡന്റായും തുടരും.
അഭിഷേക് ബാനർജിയാണ് ദേശീയ ജനറൽ സെക്രട്ടറി. ഡെറിക് ഒബ്രയൻ, ഡോല സെൻ എന്നിവരെ സംയുക്ത സെക്രട്ടറിമാരായും സുഭാഷിഷ് ചക്രബർത്തിയെ ട്രഷററായും നിയമിച്ചു.
പാർട്ടി ദേശീയ വർക്കിങ് കമ്മിറ്റിയിലും ഇവർ അംഗങ്ങളായി തുടരും. ഇതിനു പുറമെ സൗഗത റോയ്, സുദീപ് ബന്ദോപാധ്യായ, ചന്ദ്രിമ ഭട്ടാചാര്യ, മഹുവ മൊയ്ത്ര, മുകുൾ സാംഗ്മ, ബിരബാഹ ഹൻസ്ദ എന്നിവരും വർക്കിങ് കമ്മിറ്റിയുടെ ഭാഗമാണ്.
ബംഗാൾ ഘടകത്തിന്റെ അധ്യക്ഷയായി ചന്ദ്രിമ ഭട്ടാചാര്യ തുടരുമെന്നും പട്ടികയിൽ വ്യക്തമാക്കുന്നു. മമതാ വിഭാഗം ഈ നീക്കം നടത്തുന്നതിന് തലേദിവസം, വിമത എംപിമാരും എംഎൽഎമാരും കൊൽക്കത്തയിൽ പ്രത്യേക യോഗം ചേർന്ന് സമാന്തര സംഘടനാ ഘടന പ്രഖ്യാപിച്ചിരുന്നു.
മുതിർന്ന എംഎൽഎ അരൂപ് റോയിയെ പാർട്ടി ചെയർപേഴ്സനായി വിമതർ പ്രഖ്യാപിച്ചത് നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറി. 2022 ഫെബ്രുവരിയിലെ ദേശീയ വർക്കിങ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചുവെന്നും, പാർട്ടി ഭരണഘടന പ്രകാരമാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തതെന്നും വിമത നേതാവ് റിതബ്രത ബാനർജി അവകാശപ്പെട്ടു.
ഈ പുതിയ ഘടന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിമതരുടെ വാദങ്ങളെ മമതാ വിഭാഗം ശക്തമായി തള്ളി.
പാർട്ടി ഭരണഘടന പ്രകാരം ഇത്തരമൊരു യോഗം വിളിക്കാനോ ഭാരവാഹികളെ മാറ്റാനോ വിമതർക്ക് യാതൊരു അധികാരവുമില്ലെന്ന് മമതാ പക്ഷം നേതാവായ കുനാൽ ഘോഷ് പ്രതികരിച്ചു. തങ്ങൾക്കാണ് പാർട്ടിയിൽ വലിയ പിന്തുണയുള്ളതെന്ന് വിമതർ വാദിക്കുമ്പോൾ, സംഘടനാപരമായി ഔദ്യോഗിക അംഗീകാരം തങ്ങൾക്കാണെന്ന് മമതാ ക്യാമ്പ് ഉറപ്പിച്ചു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

