രാജ്യത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന (ATS) ജയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ഇവർക്ക് ബന്ധമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പൂരിൽ താമസക്കാരിയുമായ ബബിത ധാക്കഡ് ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് സുപ്രധാന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് സിം കാർഡുകളും, വിദേശ പ്രൊഫൈലുകളുമായി ബന്ധമുള്ളതും വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നിറഞ്ഞതുമായ ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും കണ്ടെടുത്തു. പ്രതിയുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ പട്ടികയിൽ ഭീകരസംഘടനകളുടെ പതാകകളും ആയുധധാരികളായ വ്യക്തികളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്ന നിരവധി അക്കൗണ്ടുകൾ ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ, പാക്കിസ്ഥാനിലെ വിവിധ നമ്പറുകളിലേക്കും വിദേശ കോൺടാക്റ്റുകളിലേക്കും വാട്സ്ആപ്പ് വഴി ഇവർ സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പുരോഹിതൻ വഴിയാണ് ഇവർ മതം മാറാനുള്ള നടപടികൾ സ്വീകരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അബു ഉബൈദ എന്നയാൾക്ക് ഇവരെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പുരോഹിതൻ അറിയിച്ചതായും, ഇതിനായി പ്രാർഥനകളിൽ ഏർപ്പെടാൻ നിർദ്ദേശിച്ചതായും സൂചനകളുണ്ട്. നേപ്പാൾ, സൗദി അറേബ്യ, അല്ലെങ്കിൽ യുഎഇ വഴി യുവതിയെ പാക്കിസ്ഥാനിലേക്ക് കടത്താനായിരുന്നു ഭീകരരുടെ നീക്കമെന്ന് ഏജൻസികൾ സംശയിക്കുന്നു.
മുൻകാല ഭീകരാക്രമണ കേസുകളിൽ പ്രതികളായവരുമായും, ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ഉന്നത അനുയായികളുമായും ഇവർക്ക് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ എയർലൈൻസ് ഐസി 814 വിമാനം തട്ടിക്കൊണ്ടുപോയ കേസുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യവും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.
കൂടാതെ, 2016 നവംബർ 29ന് ജമ്മുവിലെ ബാലിനി വിജിലിൽ നടന്ന സൈനിക ക്യാമ്പ് ആക്രമണവുമായി ബന്ധപ്പെട്ടും ഇവരെ കേന്ദ്രീകരിച്ച് തിരച്ചിൽ നടന്നിരുന്നു. ഖാരി സറാർ ആസൂത്രണം ചെയ്ത ആ ആക്രമണത്തിൽ ആറ് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഡിജിറ്റൽ തെളിവുകൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും ഭീകര വിരുദ്ധസേന സൂപ്രണ്ട് മനീഷ് ത്രിപാഠി അറിയിച്ചു. ഭീകരസംഘടനകൾ ഇവരെ മതം മാറ്റാനും, ഇന്ത്യയിൽ അട്ടിമറി നീക്കങ്ങൾക്കായി ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആറ്-ഏഴ് മാസങ്ങളായി ഇതിനായുള്ള ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

