പശ്ചിമ ബംഗാളിൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ച് ബിജെപി സർക്കാർ. ധനമന്ത്രി സ്വപൻ ദാസ് ഗുപ്ത 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോൾ ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച തുകയിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷത്തെ ബജറ്റിൽ 2,165.42 കോടി രൂപയാണ് ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിനായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ഇതേ വകുപ്പിനായി 5,713 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്.
മുൻ സർക്കാർ നടപ്പിലാക്കിയത് പ്രീണന രാഷ്ട്രീയമാണെന്നാരോപിച്ച ബിജെപി, മദ്രസകളുടെ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്താൻ സംസ്ഥാന വ്യാപകമായ സർവേ നടപടികൾക്ക് തുടക്കമിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഫണ്ട് വെട്ടിക്കുറച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം.
സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ വാക്കുകൾ ഇങ്ങനെ: “സർക്കാർ നടപടി തീർച്ചയായും നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഈ ബജറ്റിൽ ഒട്ടും പ്രതിഫലിക്കുന്നില്ല”.
ന്യൂനപക്ഷ വിഭാഗങ്ങളോട് സർക്കാർ കാണിക്കുന്നത് വിവേചനമാണെന്ന് എജെയുപി നേതാവ് ഹ്യൂമയൂൺ കബീർ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കാനുള്ള ശ്രമം കാത്തിരുന്നു കാണാമെന്ന് പറഞ്ഞ അദ്ദേഹം, നിയമസഭയ്ക്കുള്ളിലും പുറത്തും വിഷയത്തിൽ ശക്തമായി പ്രതികരിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷങ്ങൾക്കായി വിപുലമായ വികസന പ്രവർത്തനങ്ങൾ നേരത്തെ നടത്തിയിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ കുനാൽ ഘോഷ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

