സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യതയിലുണ്ടായ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചത്.
തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അധിക വൈദ്യുതി ലഭ്യമായതും, സംസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പവർ കോറിഡോറിൽ നിലവിൽ നിയന്ത്രണങ്ങൾ ഇല്ലാത്തതും സാഹചര്യം അനുകൂലമാക്കി. ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന നിരക്കിൽ പുറത്തുനിന്നും വാങ്ങിയാണ് നിലവിൽ നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം, ഗ്രിഡ് കോഡ് ലംഘനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഷെഡ്യൂൾ ചെയ്തതിലും കൂടുതൽ വൈദ്യുതി ഗ്രിഡിൽ നിന്നും തുടർച്ചയായി എടുക്കുന്നത് സ്ഥിരമായ ഒരു പരിഹാരമായി കാണാൻ സാധിക്കില്ലെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. പ്രധാന കണക്കുകൾ 20.06.2026 ശനിയാഴ്ച രാത്രി 7 മണി മുതൽ 12 മണി വരെയുള്ള സമയത്ത് വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെട്ടിരുന്നു.
അന്ന് രാത്രി 7:17-ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 MW രേഖപ്പെടുത്തി. തുടർന്ന് 21.06.2026 ഞായറാഴ്ച സംസ്ഥാനത്ത് ലഭിച്ച മഴയെത്തുടർന്ന് അന്തരീക്ഷ താപനിലയിൽ കുറവുണ്ടാവുകയും, വൈദ്യുതി ആവശ്യകതയിൽ 600 മുതൽ 700 MW വരെ കുറവ് വരികയും ചെയ്തു.
ഞായറാഴ്ച രാത്രി 7:24-ഓടെ 4266 MW ആയിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. മൺസൂൺ മഴ ശക്തി പ്രാപിക്കാത്ത സാഹചര്യവും, അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു നിൽക്കുന്നതും, ദേശീയ തലത്തിൽ വൈദ്യുതി ലഭ്യതയിലുള്ള ദൗർലഭ്യവും പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

