കണ്ണപുരം അയ്യോത്തെ വിശാലമായ പാടശേഖരങ്ങളിൽ ഇത്തവണയും നെൽകൃഷി സജീവമാകുന്നു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള 12 അംഗ സംഘമാണ് കൃഷിയിറക്കാനായി എത്തിയിരിക്കുന്നത്.
ബംഗാളി നാടൻ പാട്ടുകളുടെ അകമ്പടിയോടെ അതിവേഗത്തിൽ ഞാറുനടീൽ പൂർത്തിയാക്കുന്നതാണ് ഇവരുടെ രീതി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങളിൽ ഇവർ സേവനം ലഭ്യമാക്കുന്നുണ്ട്.
കണ്ണപുരത്തും സമീപ പ്രദേശങ്ങളിലുമായി ഏകദേശം 200 ഏക്കറിലും, ജില്ലയിലെ മറ്റ് ഇടങ്ങളിലുമായി മൊത്തം 500 ഏക്കറിലുമാണ് ഈ സംഘം കൃഷിപ്പണിയിൽ ഏർപ്പെടുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഈ സംഘത്തിന്റെ പ്രവർത്തന സമയം.
തൊഴിലാളികളുടെ വരവ് തുടരുമെന്നും, വരും ദിവസങ്ങളിൽ മറ്റൊരു സംഘം കൂടി കണ്ണപുരത്ത് എത്തുമെന്നും കർഷകർ വ്യക്തമാക്കുന്നു. പറശ്ശിനിക്കടവ്, ഏഴോം, പട്ടുവം, ചെറുതാഴം, കുഞ്ഞിമംഗലം, മയ്യിൽ തുടങ്ങിയ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ ഞാറുനടീൽ ആരംഭിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികൾ കർഷകർക്ക് വലിയ ആശ്വാസമാണ്. തരിശായിക്കിടന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ പലരും മുന്നോട്ട് വന്നതും, പ്രാദേശികമായി കൃഷിപ്പണിക്കാർക്ക് ക്ഷാമം അനുഭവപ്പെട്ടതുമാണ് അതിഥി തൊഴിലാളികളെ ആശ്രയിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്.
അതേസമയം, കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും ഞാറുകളുടെ വളർച്ചയെ ബാധിച്ചിട്ടുണ്ടെന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

