സംസ്ഥാന ബജറ്റിലെ വിവാദപരമായ ചില പ്രഖ്യാപനങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി.
സതീശന് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനവും, ധാതുമണൽ ഖനന മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള നീക്കവുമാണ് സുധീരൻ പ്രധാനമായും ചോദ്യം ചെയ്യുന്നത്.
ലഹരിവിരുദ്ധ വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നു
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ലഹരിവിരുദ്ധ നിലപാടുകൾക്ക് വിരുദ്ധമാണ് ബജറ്റിലെ പുതിയ തീരുമാനമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞതെന്ന പേരിൽ മദ്യം പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളോടുള്ള വാഗ്ദാന ലംഘനമാണെന്ന് വി.എം.
സുധീരൻ അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന നയങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും, ജനപക്ഷ മദ്യനയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് 2026 ജൂൺ 1-ന് താൻ നേരത്തെ അയച്ച കത്തിലെ നിർദേശങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. ആലപ്പുഴയിലെ തീരദേശ ജനതയുടെ ആശങ്ക
ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം ആലപ്പുഴയിലെ തീരദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് സുധീരൻ വ്യക്തമാക്കി.
മുൻകാലങ്ങളിൽ കരിമണൽ ഖനനത്തിനെതിരെ ജനങ്ങൾ നടത്തിയ സമരങ്ങളും, 2003 ജൂൺ 16-ന് വലിയ അഴിക്കൽ മുതൽ ആലപ്പുഴ വരെ തീർത്ത മനുഷ്യക്കോട്ടയും ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കത്തിൽ ഓർമിപ്പിച്ചു. നിലവിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
കോടതി നിർദേശത്തെത്തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയിൽ ജനങ്ങളുടെ വിശ്വാസമില്ലെന്നും, സമിതി പുനസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ കരിമണൽ ലോബികളെ സഹായിക്കുന്ന നടപടികളിൽ നിന്നും സർക്കാർ വിട്ടുനിൽക്കണമെന്നും, കുട്ടനാടിന്റെ പേരിൽ നടക്കുന്ന ഇത്തരം ഖനനങ്ങൾ അവസാനിപ്പിക്കണമെന്നും സുധീരൻ കത്തിലൂടെ ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

