നീറ്റ് പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) ഇന്ന് ജന്തർ മന്തറിൽ രണ്ടാം ഘട്ട
പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും പ്ലേറ്റും സ്പൂണും കൈവശം കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2020 മാർച്ചിൽ കോവിഡ് മഹാമാരിക്കാലത്ത് മുൻനിര പോരാളികൾക്ക് ആദരമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പാത്രങ്ങൾ കൊട്ടാൻ ആഹ്വാനം ചെയ്തതിനെ പരിഹസിച്ചുകൊണ്ടാണ് ഇത്തരമൊരു സമരരീതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് ദില്ലി പോലീസ് അനുമതി നൽകിയതായി സിജെപി ഭാരവാഹികൾ അറിയിച്ചു.
ആദ്യഘട്ട സമരത്തിന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴാണ് രണ്ടാം ഘട്ട
പ്രതിഷേധം അരങ്ങേറുന്നത്. അതേസമയം, നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച നടക്കും.
കഴിഞ്ഞ മെയ് 3-ന് നടന്ന പരീക്ഷയിൽ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു.
രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും പിഴവുകൾ ഒഴിവാക്കാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് രാജ്യത്തുടനീളം മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

