പാപ്പിനിശ്ശേരി–വളപട്ടണം ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏറെക്കാലമായി തകർന്നു കിടന്ന പാതയിൽ ടാറിങ് പുനരാരംഭിച്ചതോടെ പ്രദേശത്ത് കനത്ത ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.
പകൽ സമയത്ത് ടാറിങ് പ്രവൃത്തികൾ നടത്തിയതാണ് വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിച്ചത്. തളിപ്പറമ്പ് ഭാഗത്തേക്കുള്ള പാതയിലാണ് നിലവിൽ ജോലികൾ പുരോഗമിക്കുന്നത്.
കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങൾ തിരിച്ചുവിട്ടെങ്കിലും തിരക്ക് രൂക്ഷമായതോടെ ഗതാഗതം നിശ്ചലമായി. വൈകുന്നേരത്തോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
പഴയങ്ങാടി റോഡ് ജംക്ഷൻ മുതൽ ഹൈവേ ജംക്ഷൻ വരെയാണ് ഇന്നലെ പ്രധാനമായും പ്രവൃത്തികൾ നടന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ സ്റ്റൈലോ കോർണർ വരെ ടാറിങ് വ്യാപിപ്പിക്കാനാണ് തീരുമാനം.
രാത്രി വൈകിയും പണികൾ തുടരുകയുണ്ടായി. അഴീക്കോട് മണ്ഡലത്തിന്റെ പരിധിയിലുള്ള എകെജി ആശുപത്രി വരെയുള്ള ഭാഗം അടിയന്തരമായി നവീകരിക്കണമെന്ന് കെ.വി.സുമേഷ് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
ഈ നിവേദനം പരിഗണിച്ച് ജില്ലാ കലക്ടർ പി.വിഷ്ണുരാജിന്റെ നിർദേശപ്രകാരമാണ് കരാറുകാരായ വിശ്വ സമുദ്ര നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ പത്തു വർഷമായി അറ്റകുറ്റപ്പണികൾ നടക്കാതിരുന്ന പാപ്പിനിശേരി–വളപട്ടണം–പുതിയതെരു റോഡിലെ യാത്ര ദുഷ്കരമായിരുന്നു.
ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചെങ്കിലും നടപടികൾ വൈകിയിരുന്നു. തുടർന്ന് എംഎൽഎ നൽകിയ നിവേദനത്തെത്തുടർന്ന് ദേശീയപാത വിഭാഗം, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്ന് അടിയന്തര നടപടിക്ക് ധാരണയാവുകയായിരുന്നു.
പുതിയ ദേശീയപാതയുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കരാർ കമ്പനിയായ വിശ്വസമുദ്രയ്ക്കാണ് പഴയ പാതയുടെ അറ്റകുറ്റപ്പണിയുടെ ചുമതലയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

