കഴിഞ്ഞ മാസങ്ങളിലായി വിപണിയിൽ അനുഭവപ്പെട്ട സ്വർണവിലയിലെ വൻ കുതിപ്പ് സ്വർണപ്പണയ വായ്പകളുടെ ആവശ്യകതയിലും വലിയ വർധനവാണ് ഉണ്ടാക്കിയത്.
സ്വർണം പണയം വയ്ക്കുമ്പോൾ കൂടുതൽ തുക വായ്പയായി ലഭിക്കുമെന്നത് ഉപഭോക്താക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നു. എന്നാൽ, സ്വർണവില ഉയർന്ന നിലവാരത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വായ്പകളെ അമിതമായി ആശ്രയിക്കുന്നത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കാം.
ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന ധനസഹായ മാർഗങ്ങളിൽ ഒന്നാണ് സ്വർണവായ്പകൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിഷ്കർഷിച്ചിട്ടുള്ള ലോൺ ടു വാല്യൂ (LTV) മാനദണ്ഡങ്ങൾക്ക് വിധേയമായി, സ്വർണത്തിന്റെ ഉയർന്ന മൂല്യം അടിസ്ഥാനമാക്കി വലിയ തുകകൾ വായ്പയായി കൈപ്പറ്റാൻ ഉപഭോക്താക്കൾ താൽപ്പര്യം കാണിക്കുന്നു.
ഇത് പലപ്പോഴും അനാവശ്യമായ കടബാധ്യതകളിലേക്കും ഉയർന്ന പലിശ ഭാരത്തിലേക്കും എത്തിച്ചേരാറുണ്ട്. മാർജിൻ കോൾ എന്ന വെല്ലുവിളി
സ്വർണവിലയിൽ പെട്ടെന്നുണ്ടാകുന്ന ഇടിവ് വായ്പയെടുത്ത വ്യക്തിയുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കും.
പണയം വച്ച സ്വർണത്തിന്റെ മൂല്യം നിശ്ചിത മാർജിനിലും താഴേക്ക് പോവുകയാണെങ്കിൽ, വായ്പ നൽകിയ സ്ഥാപനങ്ങൾ ‘മാർജിൻ കോൾ’ നടപടികളിലേക്ക് കടക്കും. ഇതിലൂടെ ബാങ്കുകൾ തങ്ങളുടെ നഷ്ടം ഒഴിവാക്കാൻ കൂടുതൽ സ്വർണം ഈടായി ആവശ്യപ്പെടുകയോ, തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വർണം ലേലം ചെയ്യുകയോ ചെയ്തേക്കാം.
ഒരു ഉദാഹരണത്തിലൂടെ ഇത് പരിശോധിക്കാം. ഒരു ലക്ഷം രൂപയുടെ സ്വർണം പണയം വെക്കുമ്പോൾ RBI ചട്ടപ്രകാരം 75% തുക അഥവാ 75,000 രൂപ നിങ്ങൾക്ക് വായ്പയായി ലഭിക്കുന്നു.
സ്വർണവില ഇടിഞ്ഞ് ഈടുവച്ച സ്വർണത്തിന്റെ മൂല്യം 90,000 രൂപയായി ചുരുങ്ങിയാൽ, പുതിയ LTV പ്രകാരം വായ്പ പരിധി 67,500 രൂപയായി കുറയും. ഈ സാഹചര്യത്തിൽ അധികമായി ബാങ്കിൽ നിന്ന് കൈപ്പറ്റിയ 7,500 രൂപയോ അതിന് തുല്യമായ സ്വർണമോ അധികമായി ഈട് നൽകാൻ ബാങ്ക് ആവശ്യപ്പെടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായ്പകൾ എടുക്കുമ്പോൾ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണ്.
യഥാർഥ ആവശ്യങ്ങൾക്ക് മാത്രം വായ്പയെടുക്കുകയും, പലിശ നിരക്കുകൾ, ഫീസ് ഘടന, ലേല വ്യവസ്ഥകൾ എന്നിവ പൂർണമായും മനസ്സിലാക്കുകയും വേണം. സുതാര്യമായ നയങ്ങളുള്ള ബാങ്കിംഗ് സ്ഥാപനങ്ങളെ മാത്രം തിരഞ്ഞെടുക്കുക, ഭാഗികമായി മാത്രം സ്വർണം പണയം വെക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.
അടിയന്തര സാഹചര്യങ്ങളിൽ സ്വർണവായ്പയ്ക്ക് പകരമായി വ്യക്തിഗത വായ്പകൾ, ശമ്പള അഡ്വാൻസുകൾ, ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ പരിഗണിക്കാവുന്നതാണ്. എന്നാൽ, ഏറ്റവും സുരക്ഷിതമായ മാർഗ്ഗം 3 മുതൽ 6 മാസം വരെയുള്ള ചെലവുകൾക്ക് തുല്യമായ തുക അടിയന്തര ഫണ്ടായി ലിക്വിഡ് സേവിങ്സിലോ മ്യൂച്വൽ ഫണ്ടുകളിലോ കരുതിവെക്കുന്നതാണ്.
(ലേഖകൻ: ടി.ആന്റോ ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഒഒയുമാണ്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

