സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ പുതിയ ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ് സർക്കാർ. മുൻ സർക്കാർ 48,733 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിച്ചതായി യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ വ്യക്തമാക്കുന്നു.
ഇതിൽ 21,690 കോടി രൂപ 2026-27 സാമ്പത്തിക വർഷം തന്നെ തിരിച്ചടയ്ക്കേണ്ട അടിയന്തര ബാധ്യതയാണ്.
പെൻഷൻ, ശമ്പളം, പലിശ, മൂലധനച്ചെലവുകൾ എന്നിവ ഇതിന് പുറമെയാണ്. ഈ സാഹചര്യത്തിൽ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശന് മുന്നിലുള്ളത്.
പ്രധാന വെല്ലുവിളികളും നിർദ്ദേശങ്ങളും
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാവി
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയോ ഓഹരി വിൽപന നടത്തുകയോ വേണമെന്ന നിർദ്ദേശം ധവളപത്രത്തിലുണ്ടായിരുന്നു. എന്നാൽ, സ്ഥാപനങ്ങൾ അടച്ചുപൂട്ടില്ലെന്നും മറിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കാൻ അടിമുടി പരിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ നിക്ഷേപ പങ്കാളിത്തം ഇതിനായി പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനവും ലോഗിസ്റ്റിക്സ് ഹബ്ബും
കേരളത്തെ ഒരു പ്രധാന ലോഗിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെയും സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പോർട്ട് സിറ്റി പദ്ധതിക്കായി ബജറ്റിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കിഫ്ബിയുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തുമെങ്കിലും നിലവിലുള്ള പദ്ധതികളെ അത് ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു.
ക്ഷേമപദ്ധതികളും ഗാരന്റികളും
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നത് സർക്കാരിന്റെ പ്രധാന അജണ്ടയാണ്. കെഎസ്ആർടിസിയിൽ വനിതകൾക്കായി സൗജന്യയാത്ര ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, ക്ഷേമ പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കൽ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസ ധനസഹായം, സംരംഭകർക്ക് പലിശരഹിത വായ്പ തുടങ്ങിയവ പ്രതീക്ഷിക്കാം. വരുമാന വർധനവും നികുതി പിരിവും
സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ.
ഇന്ധന നികുതിയിലോ സെസ്സിലോ വർധനയുണ്ടാകാൻ സാധ്യത കുറവാണ്. പകരം, നികുതി പിരിവ് കാര്യക്ഷമമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.
നികുതി ആംനെസ്റ്റി സ്കീം തുടരുന്നതിനും സ്വർണവ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ പ്രതീക്ഷിക്കാം. ലോട്ടറി മേഖലയിൽ അടക്കം സമൂലമായ മാറ്റങ്ങൾക്കും ധനമന്ത്രി മുൻകൈ എടുത്തേക്കും.
സപ്ലൈകോയെ ബവ്റിജസ് കോർപറേഷനുമായി ലയിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും സർക്കാർ പരിശോധിച്ചുവരികയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുകയെന്നതും വരും ദിവസങ്ങളിൽ സർക്കാരിന്റെ പ്രധാന ലക്ഷ്യമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

