തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുടുംബത്തെ ജീവനക്കാരൻ തിരിച്ചയച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. തിങ്കളാഴ്ച രാത്രി 10.40-നാണ് പനിയും ശ്വാസതടസ്സവുമുള്ള 10 വയസ്സുകാരിയുമായി വടക്കുമ്പാട്ടെ കുടുംബം ആശുപത്രിയിലെത്തിയത്.
എന്നാൽ, ഈ കുടുംബത്തിന് ചികിത്സ നൽകാതെ തിരിച്ചയച്ചതായാണ് പ്രധാന പരാതി. ആശുപത്രിയിലെ ഒപി സമയം രാത്രി 11 വരെയാണെന്നിരിക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച.
സമാനമായ സാഹചര്യത്തിൽ തൊട്ടുപിന്നാലെ എത്തിയ മറ്റൊരു കുടുംബത്തിന് യാതൊരു തടസ്സവുമില്ലാതെ ചികിത്സ ലഭിക്കുകയും ചെയ്തു. കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ ഡോക്ടർ പോയെന്ന് തെറ്റിദ്ധരിപ്പിച്ച് ആദ്യമെത്തിയ കുടുംബത്തെ മടക്കി അയക്കുകയായിരുന്നു.
എന്നാൽ, രണ്ടാമതെത്തിയ കുടുംബത്തിന് ടോക്കൺ നൽകി കാഷ്വൽറ്റിയിലേക്ക് കൊണ്ടുപോകാൻ ഇതേ ജീവനക്കാരൻ മുൻകൈ എടുത്തത് വിവേചനമാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ കുടുംബം മൊബൈലിൽ പകർത്തിയിട്ടുണ്ട്.
ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഈ കുടുംബം രാത്രി 11 മണിക്ക് ശേഷം പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിയാണ് ചികിത്സ തേടിയത്. സംഭവം വിവാദമായതോടെ, ഉത്തരവാദിയായ ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തി.
ജീവനക്കാരൻ ആശുപത്രിയിൽ ജോലിക്ക് എത്തുമ്പോൾ തടയാൻ പ്രവർത്തകർ തയാറെടുത്തിരുന്നു. ഇതിനിടയിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.മീനാകുമാരിയുമായി തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു, പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരി എന്നിവർ ചർച്ച നടത്തി.
ഇന്ന് ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ (എച്ച്എംസി) അടിയന്തര യോഗം വരെ കാത്തിരിക്കണമെന്ന പ്രസിഡന്റിന്റെ നിർദ്ദേശത്തെത്തുടർന്ന് തൽക്കാലം പിന്മാറാൻ യുഡിഎഫ് തീരുമാനിച്ചു. സി.എം.മീനാകുമാരി നേരിട്ടെത്തി വിവരങ്ങൾ ആരാഞ്ഞതായും ഇന്ന് ഉച്ചയ്ക്ക് 2-ന് ചേരുന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും അറിയിച്ചു.
അതേസമയം, കുറ്റക്കാരനായ താൽക്കാലിക ജീവനക്കാരനെ മാറ്റുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി. ചികിത്സയിൽ വിവേചനം കാണിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

