ലെബനൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായ വിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. മൻസൂരി, ആസിയേ എന്നീ നഗരങ്ങളിലും ബരാഷിത് എന്ന സ്ഥലത്തും ഇസ്രായേൽ ബോംബാക്രമണം നടത്തി.
നബാതിയ അൽ-ഫൗഖ പ്രദേശത്തും അയൽഗ്രാമമായ ക്ഫാർ ടെബ്നിറ്റിന്റെ അതിർത്തികളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഹിസ്ബുള്ളയെ ലക്ഷ്യമാക്കിയാണ് നടപടിയെന്ന് ഇസ്രായേൽ മുൻപ് വ്യക്തമാക്കിയിരുന്നെങ്കിലും, പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രതിരോധ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിൽ നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ തെക്കൻ ലെബനനിൽ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
നിലവിൽ തെക്കൻ ലെബനന്റെ വലിയൊരു ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. താൽക്കാലിക യുഎസ്-ഇറാൻ കരാറിലെ വ്യവസ്ഥകൾ ലെബനന് ബാധകമല്ലെന്നാണ് ഇസ്രായേലിന്റെ വാദം.
സുരക്ഷ മുൻനിർത്തി ഹിസ്ബുള്ളയ്ക്ക് എതിരെ സൈനിക നടപടി തുടരാൻ അവകാശമുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.
എന്നാൽ, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാതെ യുദ്ധം പൂർണ്ണമായി അവസാനിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
നെതന്യാഹുവിന്റെ നടപടി അതിരുകടന്നുപോയെന്നും അത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. “അമേരിക്കയില്ലെങ്കിൽ ഇസ്രായേൽ ഇല്ല.
ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല, കാരണം മറ്റൊരു പ്രസിഡന്റും എനിക്ക് മുൻപ് ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ അവർക്കായി ചെയ്തത്,” എന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ച് യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുമെന്നാണ് സ്വിസ് വിദേശകാര്യ മന്ത്രാലയത്തിന്റെ സൂചന.
കരാർ ഒപ്പിട്ട ശേഷം ഇതിലെ വ്യവസ്ഥകൾ പൊതുജനങ്ങളെ അറിയിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലെബനനിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും ഹിസ്ബുള്ളയെ നിരായുധരാക്കണമെന്നുമാണ് ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾ ആവശ്യപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

