തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സൂപ്പർ താരം ചിയാൻ വിക്രം മലയാള സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ, വിക്രമിനൊപ്പമുള്ള പഴയകാല ഓർമകളും പുതിയ കൂടിക്കാഴ്ചയുടെ സന്തോഷവും പങ്കുവെച്ചിരിക്കുകയാണ് നടൻ അഭിമന്യു ഷമ്മി തിലകൻ.
ചിയാൻ 63 എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും ദീർഘകാലത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അഭിമന്യു ഇക്കാര്യം വ്യക്തമാക്കിയത്.
അഭിമന്യു ആറുമാസം പ്രായമുള്ളപ്പോൾ, സ്ട്രീറ്റ് എന്ന മലയാളം സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് വിക്രമിനെ ആദ്യമായി കാണുന്നത്. അന്ന് ആ ചിത്രത്തിലും പിന്നീട് ധ്രുവം എന്ന സിനിമയിലും വിക്രമും ഷമ്മി തിലകനും ഒരുമിച്ച് അഭിനയിച്ചിരുന്നു.
30 വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും സ്ക്രീൻ പങ്കിടാൻ ഒരുങ്ങുന്നതിലെ ആവേശത്തിലാണ് അഭിമന്യു. കഴിഞ്ഞദിവസം വിക്രമിനെ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ച് അഭിമന്യു കുറിച്ചത് ഇങ്ങനെ: “എടാ നിനക്ക് എന്നെ ഓർമയുണ്ടോ ?”, ഇന്നലെ വിക്രം സാർ എന്നോട് ചോദിച്ച ഈ വാക്കുകൾ ഞാൻ എന്നും നെഞ്ചിലേറ്റുന്ന നിമിഷമായിരിക്കും.
അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു, “ഞാൻ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ”, എനിക്കൊരു ചിരി മാത്രമാണ് നൽകാനായത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഈ രണ്ട് അവിശ്വസനീയ അഭിനേതാക്കളുടെ അടുത്ത് നിൽക്കാനായത് ഒരു മാജിക് പോലെയാണ് തോന്നുന്നത്.
മലയാളം ക്ലാസിക്കുകൾ മുതൽ ഒരു വലിയ തമിഴ് പ്രോജക്റ്റ് വരെ, ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകും.” അഭിമന്യുവിന്റെ ഈ പോസ്റ്റ് സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറവും വിക്രമിന്റെ പ്രായം കുറഞ്ഞുവരുന്ന ലുക്കിനെക്കുറിച്ചും, ഷമ്മി തിലകന്റെയും വിക്രമിന്റെയും സൗഹൃദത്തെക്കുറിച്ചും നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

