മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന കഴിഞ്ഞ പത്തു വർഷക്കാലയളവിൽ പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് പൊതുഭരണ വകുപ്പ് നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
മൊത്തം 17 രാജ്യങ്ങളിലാണ് ഈ കാലയളവിൽ അദ്ദേഹം സന്ദർശനം നടത്തിയത്. എന്നാൽ, 30 യാത്രകൾ പൂർത്തിയാക്കിയിട്ടും വെറും എട്ടു യാത്രകളുടെ ചെലവ് വിവരങ്ങൾ മാത്രമാണ് പൊതുഭരണ വകുപ്പ് വെളിപ്പെടുത്തിയിട്ടുള്ളത്.
പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ എട്ടു യാത്രകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് 74,59,364 രൂപ ചെലവഴിച്ചിട്ടുണ്ട്.
അതേസമയം, സന്ദർശന വേളകളിലെ താമസച്ചെലവുകൾ സംബന്ധിച്ച കോളത്തിൽ ‘പൂജ്യം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുളക്കുളം സൗത്ത് സ്വദേശിയായ എം.ടി.തോമസിന് ലഭിച്ച മറുപടിയിലാണ് യാത്രകളുടെ വിശദാംശങ്ങൾ ഉള്ളത്.
2018 ജൂലൈ മാസത്തിൽ അമേരിക്കയിലേക്ക് നടത്തിയ സന്ദർശനം ഔദ്യോഗിക രേഖകളിൽ ‘സ്വകാര്യം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഇതിനായി 3,82,807 രൂപ യാത്രാക്കൂലിയായി അനുവദിച്ചതായും മറുപടിയിൽ വ്യക്തമാക്കുന്നു. യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

