ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ സമനില വഴങ്ങിയതിന് പിന്നാലെ, ബ്രസീലിയൻ ആരാധകർക്ക് ആശ്വാസമായി സൂപ്പർ താരം നെയ്മർ ജൂനിയർ പരിശീലനത്തിലേക്ക് മടങ്ങിയെത്തി. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന താരം, അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള കൊളംബിയ പാർക്കിൽ വെച്ചാണ് പരിശീലനം ആരംഭിച്ചത്.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പുറത്തുവിട്ട ദൃശ്യങ്ങളിൽ, നെയ്മർ ഗ്രൗണ്ടിലിറങ്ങി നേരിയ തോതിൽ ഓട്ടം ഉൾപ്പെടെയുള്ള ഫിറ്റ്നസ് പരിശീലനങ്ങളിൽ ഏർപ്പെടുന്നത് കാണാം.
ലോകകപ്പ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് താരം മൈതാനത്ത് പരിശീലനം നടത്തുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെ വലത് കാലിന് ഏറ്റ ‘ഗ്രേഡ് 2’ പരിക്കാണ് താരത്തെ ദീർഘകാലമായി പുറത്തിരുത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ നേരത്തെ അവ്യക്തത നിലനിന്നിരുന്നു. മൊറോക്കോയ്ക്കെതിരായ മത്സരത്തിൽ നെയ്മറുടെ അഭാവം ടീമിന്റെ ആക്രമണനിരയിൽ പ്രകടമായിരുന്നു.
കാനറികൾ 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിപ്പിച്ചത്. വരുന്ന ശനിയാഴ്ച ഹെയ്ത്തിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
നെയ്മർ പരിശീലനത്തിലേക്ക് തിരിച്ചെത്തിയത് ടീമിന് കരുത്ത് പകരുന്നുണ്ടെങ്കിലും, ഹെയ്ത്തിക്കെതിരായ മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഇടംപിടിക്കുമോ എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. താരത്തെ തിടുക്കത്തിൽ കളിപ്പിച്ച് റിസ്ക് എടുക്കാൻ പരിശീലകൻ കാർലോ ആൻസലോട്ടിയും മെഡിക്കൽ സംഘവും തയ്യാറല്ലെന്നാണ് സൂചന.
നെയ്മറെ പൂർണ്ണ ആരോഗ്യവാനാക്കി നോക്കൗട്ട് ഘട്ടത്തിൽ ലഭ്യമാക്കാനാണ് മാനേജ്മെന്റിന്റെ ശ്രമമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

