സംസ്ഥാന സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ ശക്തമായ നടപടികളിലേക്ക് നീങ്ങാൻ ലോയേഴ്സ് കോൺഗ്രസ് തീരുമാനം. നിയമനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽ കണ്ട് പരാതി സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഭാവിയിൽ പുറത്തിറങ്ങുന്ന നിയമന പട്ടികകളിൽ അർഹരായവർക്ക് കൂടുതൽ പരിഗണന ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാനാണ് സംഘടനയുടെ തീരുമാനം. നിയമന പട്ടികകളിൽ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയ നടപടിയിൽ കടുത്ത അതൃപ്തിയാണ് സംഘടനയ്ക്കുള്ളത്.
വരും ദിവസങ്ങളിലും സമാനമായ രീതിയിൽ നിയമനങ്ങൾ തുടരുകയാണെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ലോയേഴ്സ് കോൺഗ്രസ് ആലോചിക്കുന്നത്. നിലവിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടനയുടെ നേതൃയോഗം തുടരുകയാണ്.
ഈ നിയമനങ്ങൾ സംഘടനയ്ക്കുള്ളിൽ വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. നിയമന പ്രക്രിയയിൽ നടന്ന കൃത്രിമത്വം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സംഘടനയുടെ ഒരു വിഭാഗം ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കിയാണെന്നും, ഇതിന് പിന്നിൽ പാർട്ടിയിലെ ചില വ്യക്തികളുടെ നിക്ഷിപ്ത താല്പര്യങ്ങളാണെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചകളിൽ ആരോപണം ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

