അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് നടി അൻസിബ ഹസൻ.
താൻ നൽകിയ പരാതികളിൽ പോലീസ് സ്വീകരിച്ച നടപടികൾ കേവലം പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് താരം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. നടി ലക്ഷ്മിപ്രിയ, നടൻ ടിനി ടോം എന്നിവർക്കെതിരെയാണ് അൻസിബ പരാതികൾ ഉന്നയിച്ചിരുന്നത്.
തന്റെ പോസ്റ്റിൽ മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അൻസിബ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. “കേവലം ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാർമികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാൻ ഇത്രക്ക് അനുഭവിച്ചതെങ്കിൽ, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും ഞാൻ നല്ലവണ്ണം മനസിലാക്കുന്നു,” എന്ന് താരം കുറിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപേ പോലീസ് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് അൻസിബ വാദിക്കുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് റിപ്പോർട്ട് നൽകിയതിന് പിന്നാലെ, പ്രതികൾ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത് ദുരൂഹമാണ്.
നിയമപരമായ റിപ്പോർട്ടുകൾ പരാതിക്കാരിയായ തനിക്ക് ലഭ്യമാക്കുന്നതിന് മുൻപേ പ്രതികൾക്ക് വിവരം ലഭിച്ചെന്നും, ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് അവർ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടെന്നും അൻസിബ ചൂണ്ടിക്കാട്ടി. തനിക്കെതിരെയുള്ള വ്യാജ പരാതികളിൽ പോലീസ് വേഗത്തിൽ നടപടി എടുക്കുമ്പോൾ, താൻ നൽകിയ പരാതിയിൽ സിസ്റ്റം അനാസ്ഥ കാണിക്കുന്നുവെന്നും താരം ആരോപിച്ചു.
“പ്രതികളും സിസ്റ്റവും ചേർന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളിൽ ഞാൻ അല്പം പോലും ഭയപ്പെടുന്നില്ല” എന്ന് വ്യക്തമാക്കിയ അൻസിബ, വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

