പയ്യന്നൂർ: പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്കുകള്‍ അവഗണിച്ച് വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎയ്ക്ക് വേണ്ടി വെള്ളൂരിൽ വൻ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ജനുവരി 26-ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ രൂപീകരിച്ച ‘ജാഗ്രത’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.
വെള്ളൂർ ചാനോത്ത് പ്രദേശത്താണ് സ്വീകരണ ചടങ്ങുകൾ നടന്നത്. പരിപാടിയുടെ മുന്നോടിയായി ചാനോത്ത് കേന്ദ്രീകരിച്ച് ‘ജാഗ്രത’ പ്രവർത്തകർ വിപുലമായ സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
എന്നാൽ, സ്വീകരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പാർട്ടി അനുഭാവികളെ വിലക്കിക്കൊണ്ട് സിപിഎം പ്രവർത്തകർ വീടുകൾ തോറും കയറി പ്രചാരണം നടത്തിയിരുന്നതായി പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായ റിട്ടയർഡ് അധ്യാപകൻ കെ.സുരേശൻ പ്രസംഗത്തിൽ ആരോപിച്ചു. ഈ ഭീഷണികളും വിലക്കുകളും തള്ളിക്കളഞ്ഞാണ് ജനങ്ങൾ കൂട്ടത്തോടെ ചടങ്ങിൽ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
വെള്ളൂർ ബാങ്ക് പരിസരത്തുനിന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് എംഎൽഎയെ വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് നാടകപ്പുരയ്ക്ക് സമീപമുള്ള സ്വകാര്യ പറമ്പിൽ തയ്യാറാക്കിയ വേദിയിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ അദ്ദേഹത്തിന് ഹാരാർപ്പണം നടത്തി.
ടി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങ് കഥാകൃത്ത് വി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

