കൊല്ലം ജില്ലയിൽ ലഹരി മാഫിയകൾ തങ്ങളുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തുന്നതായി പൊലീസ് കണ്ടെത്തി. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടികളെ കാരിയർമാരായി ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം.
ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് ലഹരി സംഘങ്ങളുടെ പുതിയ തന്ത്രങ്ങൾ പുറത്തായത്. കോളജ് ബാഗുകളുമായി എത്തുന്ന പെൺകുട്ടികളെ സംശയിക്കില്ലെന്ന ധാരണയിലാണ് ഇവർ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്.
ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളിയിൽ നിന്ന് 8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ലഹരി സംഘങ്ങളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു.
ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നതിനാൽ ‘കുറച്ചുദിവസം സാധനം കുറവായിരിക്കും’ എന്നടക്കമുള്ള സന്ദേശങ്ങൾ ഇതിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതേത്തുടർന്ന് ജില്ലയുടെ അതിർത്തികളിൽ പരിശോധന കൂടുതൽ കർശനമാക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ലഹരി കടത്തുന്നവർ പുതിയൊരു രീതി കൂടി പിന്തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ട്രെയിനുകളിൽ എത്തുന്ന കാരിയർമാർ പ്രധാന സ്റ്റേഷനുകളിൽ ഇറങ്ങുന്നതിന് പകരം, സ്റ്റേഷനുകൾക്ക് അല്പം മാറി ട്രെയിനിൽ വെച്ചുതന്നെ ലഹരി വസ്തുക്കൾ പുറത്തേക്ക് എറിയുന്നു.
പിന്നീട് ലൊക്കേഷൻ കൈമാറുന്നതനുസരിച്ച് സംഘത്തിലെ മറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഇത് ശേഖരിക്കുകയാണ് പതിവ്. പലരുടെയും മൊബൈൽ ഫോണുകളിൽ നിന്ന് ഇത്തരം ‘സ്പോട്ട് ലൊക്കേഷനുകൾ’ കണ്ടെത്തിയത് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
ബെംഗളൂരുവിൽ നിന്നുള്ള എംഡിഎംഎ വരവിൽ ഒരാഴ്ചയായി കുറവുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ, മംഗലാപുരത്തു നിന്ന് വൻതോതിൽ എത്തിക്കൊണ്ടിരുന്ന പാൻ ഉൽപന്നങ്ങളുടെ വിതരണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ഇത്തരത്തിൽ ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നുവെന്ന് സംശയിക്കുന്ന ഗോഡൗണുകളിൽ പരിശോധന നടത്തിയെങ്കിലും അവ കാലിയായിരുന്നു. മറ്റ് കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലയിലെ വിവിധ ഡിവൈഎസ്പിമാരുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സ്ക്വാഡുകൾ സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിനും ഏകോപനം ഉറപ്പാക്കുന്നതിനും കൊല്ലം ഡാൻസാഫ് സ്ക്വാഡിന്റെ മാതൃക പിന്തുടരാൻ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

