തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നു. അഞ്ച് നില കെട്ടിടത്തിൽ അഗ്നിബാധയുണ്ടാകുന്നതിന് തൊട്ടുമുമ്പ് മാസ്ക് ധരിച്ച ഒരു സ്ത്രീ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതോടെയാണ് കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടായത്.
അപകടം നടന്ന കെട്ടിടത്തിന് സമീപത്തെ പാർക്കിങ് ഏരിയയിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. പുലർച്ചെ 2.23-ഓടെയാണ് മാസ്ക് ധരിച്ച സ്ത്രീ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് കടക്കുന്നത്.
ഇതിനു പിന്നാലെ കെട്ടിടത്തിൽ വലിയൊരു പൊട്ടിത്തെറി ഉണ്ടാവുകയും, ഉടൻ തന്നെ ആ സ്ത്രീ പുറത്തേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് തൊട്ടുപിന്നാലെ തീ പടരുകയും ഒന്നും രണ്ടും നിലകളെ ഗ്രസിക്കുകയുമായിരുന്നു.
സിസിടിവിയിൽ പതിഞ്ഞ സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും, ഇവരെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രഥമിക നിഗമനം.
എന്നാൽ, പുതിയ തെളിവുകൾ പുറത്തുവന്നതോടെ ആസൂത്രിതമായ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഈ തീപിടിത്തത്തിൽ പങ്കജ്, മുത്തശ്ശി സുശീല ദേവി, സഹോദരി സോണി എന്നിവർ മരണപ്പെട്ടിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പങ്കജിന്റെ അമ്മയും മറ്റൊരു സഹോദരിയും ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

