എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണിയുമായി ബന്ധപ്പെട്ട് നീണ്ടകാലമായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് അന്ത്യം. മന്ത്രി റോജി എം ജോൺ നടത്തിയ നിർണായക ചർച്ചകളെത്തുടർന്ന് ഇരുവിഭാഗവും സമവായത്തിലെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ സമരസമിതി സമരം ഔദ്യോഗികമായി പിൻവലിച്ചു. പുതിയ വീടുകൾ സർക്കാർ നിർമിക്കും
നിലവിൽ ദളിത് കുടുംബങ്ങൾ താമസിക്കുന്ന മലയിടംതുരുത്തിലെ ശങ്കരൻനായരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് അഞ്ച് സെന്റ് വീതം ഇവർക്ക് നൽകാനാണ് ധാരണയായിരിക്കുന്നത്.
ഈ ഭൂമിയിൽ സർക്കാർ മുൻകൈ എടുത്ത് പുതിയ വീടുകൾ നിർമിച്ച് നൽകും. നിർമാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വീട് നിർമാണം പൂർത്തിയാകുന്നത് വരെ നിലവിലുള്ള സ്ഥലത്ത് തന്നെ കുടുംബങ്ങൾക്ക് സുരക്ഷിതമായി താമസിക്കാം. കോടതിയിൽ സമർപ്പിക്കും
ചർച്ചയിലെ തീരുമാനങ്ങൾ ഔദ്യോഗിക കരാറായി മാറ്റി ജൂൺ 16-ന് അഡ്വക്കേറ്റ് ജനറൽ മുഖേന ഹൈക്കോടതിയിൽ സമർപ്പിക്കും.
സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കാനും യോഗത്തിൽ ധാരണയായി. നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒയെയും ഡി.വൈ.എസ്.പിയെയും ചുമതലപ്പെടുത്തി.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ഉന്നതതല യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ്.പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് എന്നിവർ പങ്കെടുത്തു.
തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിലുള്ള സന്തോഷം സമരസമിതി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

