അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ സ്റ്റാംപ് ശേഖരണമെന്ന കുഞ്ഞുഹോബിയിൽ നിന്നും ആഗോള ശ്രദ്ധയാകർഷിക്കുന്ന ഗിന്നസ് ലോക റെക്കോർഡ് ഉടമയിലേക്കുള്ള ദൂരമാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ പിന്നിട്ടിരിക്കുന്നത്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്ന സുനിൽ, സ്വന്തം പേര് രണ്ട് തവണയാണ് ഗിന്നസ് റെക്കോർഡ് പുസ്തകത്തിൽ പതിപ്പിച്ചത്.
ഈ അപൂർവ നേട്ടത്തിന് പിന്നാലെ, ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സുനിലിന്റെ നേട്ടങ്ങളെ ആസ്പദമാക്കി ഒരു പ്രത്യേക ഫീച്ചർ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ നിന്ന് ഈ ബഹുമതി ലഭിക്കുന്ന ഏക വ്യക്തിയെന്നതും ശ്രദ്ധേയമാണ്.
858 പേപ്പർ കപ്പുകളുമായി ചരിത്രം
പരിസ്ഥിതി സൗഹൃദപരമായ വസ്തുക്കൾ മാത്രം ഉപയോഗിച്ച് ശേഖരിച്ച 858 പേപ്പർ കപ്പുകളാണ് സുനിലിനെ രണ്ടാമത്തെ ഗിന്നസ് റെക്കോർഡിലേക്ക് നയിച്ചത്. 31 രാജ്യങ്ങളിൽ നിന്നായി 5 എംഎൽ മുതൽ 500 എംഎൽ വരെ അളവിലുള്ള കപ്പുകളാണ് ഇദ്ദേഹം കരുതിവെച്ചത്.
മെഴുക് അംശമില്ലാത്തതും പൂർണമായും ബയോഡിഗ്രേഡബിൾ ആയതുമായ കപ്പുകൾക്ക് മാത്രമായിരുന്നു ഈ നേട്ടത്തിൽ മുൻഗണന നൽകിയത്. 2021 ഓഗസ്റ്റ് 4-ന് ന്യൂയോർക്കിൽ വുഡിൻ റാഫേൽ ലെവിൻ സ്ഥാപിച്ച 800 പേപ്പർ കപ്പുകൾ എന്ന റെക്കോർഡാണ് സുനിൽ മറികടന്നത്.
ഇടുക്കിക്ക് അഭിമാനമായി മൂവർസംഘം
ജില്ലയിൽ നിന്ന് രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയും ഇതോടെ സുനിലിന് ലഭിച്ചു. നേരത്തെ എം.മാടസ്വാമി, ലെനു പീറ്റർ എന്നിവരും ഗിന്നസ് റെക്കോർഡുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇവർ മൂന്നുപേരും പീരുമേട് സ്വദേശികളാണെന്നത് മലയോര മേഖലയുടെ ചരിത്രത്തിൽ സവിശേഷമായ ഒരു അധ്യായമാണ്. വിസ്മയിപ്പിക്കുന്ന ശേഖരങ്ങൾ
2013-ൽ ലോകത്തിലെ 245-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഫോൺ കാർഡുകൾ ശേഖരിച്ചായിരുന്നു സുനിൽ ആദ്യമായി ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചത്.
ഫോൺ കാർഡുകൾ, പേപ്പർ കപ്പുകൾ എന്നിവ കൂടാതെ വിദേശ സ്റ്റാംപുകൾ, നാണയങ്ങൾ, വിമാന ടിക്കറ്റുകൾ, കറൻസികൾ, ടീ ബാഗുകൾ, റേസർ ബ്ലേഡ് റാപ്പറുകൾ, ലോട്ടറി ടിക്കറ്റുകൾ, തീപ്പെട്ടി സ്റ്റിക്കറുകൾ, പോസ്റ്റ് കാർഡുകൾ, കോഫി മഗ്ഗുകൾ തുടങ്ങിയ വൈവിധ്യമാർന്ന ശേഖരങ്ങളും സുനിലിന്റെ കൈവശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

