എറണാകുളം മലയിടംതുരുത്തിൽ നിലനിന്നിരുന്ന കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമവായമായി. മന്ത്രി റോജി എം ജോൺ വിളിച്ചുചേർത്ത ഉന്നതതല ചർച്ചയിലാണ് വിഷയത്തിൽ അന്തിമ തീരുമാനമായത്.
സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിക്കാൻ സമരസമിതി തയ്യാറായി. ചർച്ചയുടെ അടിസ്ഥാനത്തിൽ, നിലവിൽ തർക്കത്തിലുള്ള ഭൂമിയിൽ നിന്ന് ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമി പതിച്ചു നൽകും.
ഈ കുടുംബങ്ങൾക്ക് താമസസ്ഥലത്തേക്കുള്ള വഴി പഞ്ചായത്ത് വഴിയായി ക്രമീകരിക്കും. കൂടാതെ, അനുവദിക്കുന്ന ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ വീടുകൾ സർക്കാർ മുൻകൈയെടുത്ത് നിർമ്മിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു.
പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ പ്രദേശവാസികളെ കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒരു വർഷത്തെ സാവകാശമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാരിന്റെ സ്പോൺസർഷിപ്പിലായിരിക്കും വീടുകളുടെ നിർമ്മാണം നടക്കുക. ദീർഘനേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പ്രദേശവാസികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരുമായി ധാരണയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

