ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കുന്നതിൽ വീണ്ടും ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായി പരാതി. പാലക്കാട് ജില്ലയിൽ കോളറ റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഓഫീസ് അറിയിക്കുകയും, മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കവെ മന്ത്രി ഈ വിവരം ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു തൊട്ടുപിന്നാലെ പാലക്കാട് ഡിഎംഒ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയതോടെ സ്ഥിതി മാറി.
രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നുമാണ് ഡിഎംഒ വ്യക്തമാക്കിയത്. തുടർച്ചയായുണ്ടായ ഈ വൈരുദ്ധ്യം വലിയ ആശയക്കുഴപ്പമാണ് പൊതുജനങ്ങളിൽ സൃഷ്ടിച്ചത്.
ഡിഎംഒയുടെ പ്രതികരണത്തിന് പിന്നാലെ മന്ത്രിയുടെ ഓഫീസും മുൻ നിലപാടിൽ നിന്ന് പിന്നോക്കം പോകുകയും തിരുത്ത് വരുത്തുകയും ചെയ്തു. നേരത്തെ കോഴിക്കോട് നിപ സ്ഥിരീകരണ വേളയിലും സമാനമായ ഏകോപനമില്ലായ്മ അരങ്ങേറിയിരുന്നു.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് മന്ത്രി അറിയിച്ചപ്പോൾ, ഉച്ചയ്ക്ക് മുൻപേ ഫലം ലഭിച്ചെന്നും നിപ സ്ഥിരീകരിച്ചെന്നും കോഴിക്കോട് കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഈ ഏകോപനമില്ലായ്മ പ്രതിപക്ഷം ശക്തമായി ആയുധമാക്കുകയാണ്.
നിപ പ്രതിരോധം പാളിയെന്ന ആരോപണങ്ങൾക്കിടെ, നാളെ കെ മുരളീധരൻ കോഴിക്കോട് സന്ദർശനം നടത്തും. അതേസമയം, നിപ ഭീതിക്കിടയിൽ ആശ്വാസം നൽകുന്ന വാർത്തകളുമുണ്ട്.
സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. ജൂൺ 12-ന് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന, രോഗബാധിതന്റെ അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ ഫലമാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായത്.
നിലവിൽ പുതിയതായി നാല് പേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പുതുതായി 13 പേരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 100 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും, 82 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

