അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘ട്രെൻ ഡി അരഗ്വ’ എന്ന മാഫിയാ സംഘത്തിന്റെ തലവനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി യുഎസ് പ്രസിഡന്റ് സ്ഥിരീകരിച്ചു. ‘നിനോ ഗ്വറേറോ’ എന്നറിയപ്പെടുന്ന ഹെക്ടർ റസ്തൻഫോർഡ് ഗ്വറേറോ ഫ്ലോറസ് ആണ് കൊല്ലപ്പെട്ടതെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
ഈ സംഘത്തിന്റെ ഭീകരർക്ക് ഇനി വെനസ്വേലയിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. “ക്രൂരന്മാരായ കൊലയാളികളെയും ലഹരിമരുന്ന് മാഫിയ തലവൻമാരെയും എപ്പോൾ വേണമെങ്കിലും എവിടെവച്ചും ഞങ്ങൾ കണ്ടെത്തും.
നരകത്തിന്റെ ആഴങ്ങളിലേക്ക് അവരെ അയയ്ക്കുമെന്ന്” അദ്ദേഹം പ്രതികരിച്ചു. ഒരു കെട്ടിടം വ്യോമാക്രമണത്തിൽ തകരുന്നതിന്റെ ദൃശ്യങ്ങളും ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
വെനസ്വേലയുമായി ചേർന്ന് നടത്തിയ ഏകോപിത നീക്കത്തിലൂടെയാണ് ഈ ലക്ഷ്യം പൂർത്തീകരിച്ചതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്സിൽ നൽകിയ വിവരപ്രകാരം, ഈ ആഴ്ച ആദ്യം വെനസ്വേലൻ സുരക്ഷാ സേനയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഗ്വറേറോയെ വധിച്ചത്.
വെനസ്വേലൻ സർക്കാരും തങ്ങളുടെ ഭാഗത്തുനിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങളും സാങ്കേതിക സഹായങ്ങളും ഈ ഓപ്പറേഷനിൽ പങ്കുവെച്ചിരുന്നു. ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരി കടത്തിനും ഗ്വറേറോയ്ക്കെതിരെ കേസുകൾ നിലവിലുണ്ട്.
ഈ ക്രിമിനൽ ശൃംഖലയ്ക്കെതിരെ നേരത്തെയും അമേരിക്കൻ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചിരുന്നു. അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ചെറുകിട
ബോട്ടുകൾക്ക് നേരെ യുഎസ് സേന നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളിൽ 207 പേർ കൊല്ലപ്പെട്ടിരുന്നു.

