കുവൈത്ത് സിറ്റി: സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്ത അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സമഗ്രമായ അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. പ്രവാസികൾക്കും വിവിധ കമ്പനികൾക്കും ഔദ്യോഗിക നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വ്യാജ സ്റ്റാമ്പുകൾ നൽകി അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം.
ആശുപത്രികളുടെ ഉൾപ്പെടെയുള്ള വിവിധ ഔദ്യോഗിക രേഖകളിൽ പതിക്കുന്ന സ്റ്റാമ്പുകളാണ് ഇവർ വ്യാജമായി നിർമ്മിച്ചിരുന്നത്. പ്രധാനമായും 5 ദിനാറിന്റെയും 10 ദിനാറിന്റെയും സ്റ്റാമ്പുകളാണ് ഇവർ വ്യാജമായി നിർമ്മിച്ച് വിപണിയിൽ എത്തിച്ചിരുന്നത്.
അന്വേഷണത്തിനിടെ, പ്രതികൾ ഒരു ആശുപത്രിയിൽ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പർ റോളുകൾ മോഷ്ടിച്ച് അവ വ്യാജ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവരിൽ നിന്ന് വ്യാജനിർമ്മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പ്രതികളെയും പിടിച്ചെടുത്ത തെളിവുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് മന്ത്രാലയം അറിയിച്ചു.
തട്ടിപ്പുകളും വ്യാജരേഖാ നിർമ്മാണവും കർശനമായി തടയുമെന്നും, പൊതുമുതൽ സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സർക്കാർ രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

