രാജാക്കാട് മുല്ലക്കാനം ചൂഴിക്കരയിൽ താമസിക്കുന്ന രാജേഷ് തന്റെ ഉപജീവനമാർഗ്ഗമായ ഓട്ടോറിക്ഷ സുരക്ഷിതമായി സൂക്ഷിക്കാൻ വഴികാണാതെ വലയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർച്ചയായി ഓട്ടോറിക്ഷയ്ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ, നീതി തേടി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം.
2024 ലും 2025 ലുമായി മൂന്ന് തവണയാണ് രാജേഷിന്റെ ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്താണ് ഇദ്ദേഹം വാഹനം പാർക്ക് ചെയ്തിരുന്നത്.
2024 നവംബറിൽ ആദ്യമായി ഓട്ടോയ്ക്ക് തീവെച്ചു. പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ഏറെ പ്രയാസപ്പെട്ട് അറ്റകുറ്റപ്പണികൾ നടത്തി ഓട്ടോ വീണ്ടും നിരത്തിലിറക്കി. തുടർന്ന് 2025 സെപ്റ്റംബറിലും അതേ സ്ഥലത്തുവെച്ച് ഓട്ടോ കത്തിനശിച്ചു.
ഇൻഷുറൻസ് ഇനത്തിൽ 39,000 രൂപ മാത്രമാണ് ലഭിച്ചത്. കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയം വെച്ചുമാണ് രാജേഷ് വീണ്ടും ഓട്ടോ വാങ്ങിയത്.
സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറ സ്ഥാപിച്ചെങ്കിലും, 2025 ഡിസംബറിൽ വീണ്ടും ആക്രമണമുണ്ടായി. ഹെൽമെറ്റും മാസ്ക്കും ധരിച്ചയാൾ തീയിടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാൻ സാധിച്ചില്ല.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും പ്രതി ഇപ്പോഴും നിയമത്തിന് പുറത്താണ്. നിലവിൽ, ഓട്ടോറിക്ഷ സുരക്ഷിതമായിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഓരോ ദിവസവും രാത്രി രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് വാഹനം പാർക്ക് ചെയ്യുന്നത്.
രാത്രിയിൽ പോലീസ് സ്റ്റേഷനിൽ ഓട്ടോ എത്തിക്കുന്ന രാജേഷ്, പിറ്റേന്ന് രാവിലെ ബൈക്കിൽ സ്റ്റേഷനിലെത്തി വാഹനം കൊണ്ടുപോകുന്ന പതിവ് തുടരുകയാണ്. കേസിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അദ്ദേഹം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

