കോഴിക്കോട് പയ്യോളി നഗരസഭയിലെ **തച്ചന്‍കുന്നില്‍** മൂന്ന് വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പനി അടക്കമുള്ള ലക്ഷണങ്ങളെത്തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ പരിശോധനാ ഫലം വ്യാഴാഴ്ചയാണ് ലഭിച്ചത്.
നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി ആശുപത്രി വിട്ടതായും അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, **വയനാട്** ജില്ലയിലും ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏഴു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ ബാധിതരുടെ എണ്ണം പതിനാറായി ഉയർന്നു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളും ആരോഗ്യവാനാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) **ഡോ.
കെ.ടി. രേഖ** അറിയിച്ചു.
**രോഗലക്ഷണങ്ങളും മുൻകരുതലുകളും**
വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. പനി, ഛർദി, വയറിളക്കം, മനംപിരട്ടൽ, രക്തം കലർന്ന മലം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മലിനമായ ആഹാരം, വെള്ളം, രോഗബാധയുള്ള പ്രതലങ്ങൾ എന്നിവയിലൂടെ രോഗം പടരാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
രോഗികളിൽ ജലനഷ്ടം ഒഴിവാക്കാൻ ഒആർഎസ് ലായനി ഉപയോഗിക്കണം. അങ്കണവാടികളിൽ നിന്നും സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന ഒആർഎസ് പായ്ക്കറ്റ് ഒരു ലീറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കാവുന്നതാണ്.
**ശുചിത്വ പാലനം**
ഭക്ഷണത്തിന് മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരം വൃത്തിയായി കഴുകണം. നഖങ്ങൾക്കിടയിലും വിരലുകൾക്കിടയിലും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
പരിസര ശുചിത്വവും ഭക്ഷണ പാനീയങ്ങളുടെ ശുചിത്വവും ഉറപ്പാക്കി രോഗപ്പകർച്ച തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

