കോഴിക്കോട് നഗരത്തിലെ പ്രധാന പാതയായ മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് നിർമാണവുമായി ബന്ധപ്പെട്ട 127.38 കോടി രൂപയുടെ കരാർ നടപടികൾ വിവാദത്തിലേക്ക്.
മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡ്ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാർ നൽകിയതിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. വിഷയം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി കെ.
ജയന്ത് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, എല്ലാ നടപടിക്രമങ്ങളും സുതാര്യമാണെന്നും ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും റോഡ് ഫണ്ട് ബോർഡ് അധികൃതരും കമ്പനി പ്രതിനിധികളും ആവർത്തിക്കുന്നു.
പ്രധാനപ്പെട്ട അഞ്ച് ആരോപണങ്ങളും കമ്പനിയുടെ വിശദീകരണവും 1.
പ്രവൃത്തി പരിചയത്തിലെ അവ്യക്തത: 2024 ഡിസംബർ 20-ന് മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ റജിസ്റ്റർ ചെയ്ത കമ്പനിയാണ് മിഡ്ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ്. 2025 മാർച്ച് മാസത്തിൽ ടെൻഡർ വിളിക്കുമ്പോൾ കമ്പനിക്ക് നാല് മാസത്തെ പ്രവർത്തന പാരമ്പര്യം മാത്രമേയുള്ളൂ.
ടെൻഡർ വ്യവസ്ഥ പ്രകാരം കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്. എന്നാൽ, 2013 മുതൽ പാർട്ണർഷിപ്പ് ഫേമായി പ്രവർത്തിച്ചുവരികയാണെന്നും, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായതോടെ പഴയ സ്ഥാപനത്തിന്റെ ആസ്തി-ബാധ്യതകളും പരിചയവും പുതിയ കമ്പനിക്ക് ബാധകമാണെന്നുമാണ് കമ്പനി അധികൃതരുടെ വാദം.
2. സെൽഫ് പ്രവൃത്തി പരിചയ അവകാശവാദം: സമാനമായ റോഡ്-ഹൈവേ പദ്ധതി പൂർത്തീകരിച്ചിരിക്കണം എന്ന നിബന്ധന പാലിക്കപ്പെട്ടോ എന്നതിലും തർക്കമുണ്ട്.
വയനാട് വൈത്തിരി – തരുവണ കെഎസ്ടിപി റോഡ് നിർമാണം സംയുക്ത സംരംഭമായാണ് (ജെവി) ചെയ്തത്. കർണാടകയിലെ റായ് ഗൗഡ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രവൃത്തി പരിചയമാണ് ഇതിനായി ഉപയോഗിച്ചത്.
എന്നാൽ മാനാഞ്ചിറ റോഡ് ടെൻഡറിൽ ഈ പ്രവൃത്തി തങ്ങൾ സ്വയം പൂർത്തിയാക്കിയതാണെന്ന് കമ്പനി അവകാശപ്പെടുന്നത് തെറ്റാണെന്ന് ആക്ഷേപമുണ്ട്. 80.15 കോടി രൂപയുടെ പദ്ധതിയിൽ ഭൂരിഭാഗം പണിയും തങ്ങൾ തന്നെയാണ് നിർവഹിച്ചതെന്ന് കമ്പനി ഇതിന് മറുപടിയായി പറയുന്നു.
3. രേഖകളിലെ പൊരുത്തക്കേട്: കമ്പനിയുടെ പേര് മാറ്റവും സാമ്പത്തിക യോഗ്യതാ രേഖകളും തമ്മിലുള്ള പൊരുത്തക്കേടാണ് മറ്റൊരു പ്രധാന ആരോപണം.
2024 ഡിസംബർ 20-ന് നിലവിൽ വന്ന കമ്പനിയുടെ പേരിൽ ഹാജരാക്കിയ ഇൻകം ടാക്സ് റിട്ടേണുകളും ബാലൻസ് ഷീറ്റുകളും പഴയ പാർട്ണർഷിപ്പ് ഫേമിന്റേതാണ്. ഇത് നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, കമ്പനി രൂപീകരണത്തിന് മുൻപുള്ള കാലയളവിലെ രേഖകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വിശദീകരിക്കുന്നു. 4.
ലൈസൻസ് ലഭ്യത: 2025 ഏപ്രിൽ 16-നാണ് കമ്പനിക്ക് ജല അതോറിറ്റിയിൽ നിന്ന് ‘എ ക്ലാസ്’ ലൈസൻസ് ലഭിക്കുന്നത്. ടെൻഡർ സമർപ്പിക്കുന്നതിന് മൂന്ന് ദിവസം മുൻപ് മാത്രം ലഭിച്ച ഈ ലൈസൻസ് ഉപയോഗിച്ച് റോഡ് നിർമാണ കരാർ ഏറ്റെടുത്തതിലെ സാധുത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പാർട്ണർഷിപ്പ് ഫേം ആയിരുന്നപ്പോൾ ലഭിച്ച ലൈസൻസ് പുതുക്കി നൽകിയതാണെന്നാണ് കമ്പനിയുടെ പക്ഷം. 5.
രണ്ടാം ഘട്ട കരാറിലെ ക്രമക്കേട്: മലാപ്പറമ്പ് – വെള്ളിമാടുകുന്ന് ഭാഗത്തെ 50 കോടിയിലധികം രൂപയുടെ പ്രവൃത്തിക്ക് പ്രത്യേക ടെൻഡർ വിളിച്ചില്ല എന്നതും ഗുരുതരമായ ആരോപണമാണ്.
5 കോടിക്ക് മുകളിലുള്ള ജോലികൾക്ക് ടെൻഡർ നിർബന്ധമാണെന്നിരിക്കെ, ഇത് എങ്ങനെ അനുവദിച്ചു എന്നത് ചർച്ചയാകുന്നു. എന്നാൽ, ‘ചേഞ്ച് ഓഫ് സ്കോപ്’ എന്ന വ്യവസ്ഥ പ്രകാരം ഇത് അധിക പ്രവൃത്തിയായി കണക്കാക്കുകയായിരുന്നുവെന്നും, കാലതാമസം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നും റോഡ് ഫണ്ട് ബോർഡ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

