രാജ്യത്ത് ചില്ലറ വിലക്കയറ്റ നിരക്കിൽ തുടർച്ചയായ അഞ്ചാം മാസവും വർധന രേഖപ്പെടുത്തി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട
കണക്കുകൾ പ്രകാരം, ഏപ്രിലിൽ 3.48 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റത്തോത് (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) മേയിൽ 3.9 ശതമാനമായി ഉയർന്നു. ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരക്ക് 4.1 ശതമാനത്തിന് മുകളിലേക്ക് പോകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിലവിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ നാലു ശതമാനത്തിന് തൊട്ടുപിന്നിലായി നിരക്ക് നിൽക്കുകയാണ്.
പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ നിലനിർത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ വർഷം ജനുവരി മുതൽ പണപ്പെരുപ്പം കണക്കാക്കുന്ന അടിസ്ഥാന വർഷം (ബേസ് ഇയർ) 2012ൽ നിന്ന് 2024ലേക്ക് പുതുക്കിയിരുന്നു.
കേരളത്തിലും വിലക്കയറ്റ നിരക്കിൽ ഗണ്യമായ വർധനയുണ്ട്. മാർച്ച് മാസത്തിൽ 3.62 ശതമാനമായിരുന്ന നിരക്ക് ഏപ്രിലിൽ 3.77 ശതമാനമായും മേയിൽ 4.30 ശതമാനമായും വർധിച്ചു.
സംസ്ഥാനങ്ങളുടെ പട്ടികയിൽ കഴിഞ്ഞ രണ്ടു മാസമായി ആറാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിരുന്നു.
പുതിയ അടിസ്ഥാന വർഷം നിലവിൽ വന്നതോടെ ജനുവരിയിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും, മേയിലെ നിരക്ക് വർധന ആശങ്കയ്ക്ക് വകനൽകുന്നു. വി.ഡി.സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ വിലക്കയറ്റ കണക്കാണിത്.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ബജറ്റിൽ വിലക്കയറ്റം നേരിടുന്നതിനായി എന്ത് നടപടികൾ പ്രഖ്യാപിക്കുമെന്നത് ജനങ്ങൾ ഉറ്റുനോക്കുകയാണ്.
പ്രധാന കണക്കുകൾ * തെലങ്കാന (6.15 ശതമാനം) ആണ് പട്ടികയിൽ ഒന്നാമത്. തമിഴ്നാട് (5.11%), ആന്ധ്രപ്രദേശ് (4.90%), കർണാടക (4.59%), ഒഡിഷ (4.54%) എന്നിവയാണ് തൊട്ടുപിന്നിൽ.
മിസോറാമിലാണ് ഏറ്റവും കുറഞ്ഞ വിലക്കയറ്റം (1.03%).
* രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം മേയിൽ 4.78 ശതമാനമായി ഉയർന്നു. ഗ്രാമമേഖലകളിൽ 4.85 ശതമാനവും നഗരങ്ങളിൽ 4.66 ശതമാനവുമാണ് വർധന.
* പാൻമസാല, പുകയില ഉൽപന്നങ്ങൾക്ക് 4.83 ശതമാനവും വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 2.98 ശതമാനവും വില വർധിച്ചു.
ഹൗസിങ്, വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയ്ക്ക് 1.73 ശതമാനമാണ് വർധന.
* വെള്ളി, തക്കാളി, സ്വർണം, ഇഞ്ചി, കിസ്മിസ് എന്നിവയ്ക്കാണ് വില കൂടുതൽ ഉയർന്നത്. ഉരുളക്കിഴങ്ങ്, പയർ, ജീരകം, മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് വിലക്കയറ്റം കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

