കാസർകോട് ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഗുരുതര ആരോപണം.
ബിജെപിയുടെ ഇവിഎം ഹാക്കിങ് പരാജയപ്പെടുത്താൻ തനിക്ക് സാങ്കേതിക വിദ്യയുണ്ടെന്നും, ഇതിനായി 40 ലക്ഷം രൂപ നൽകിയാൽ അത് പ്രയോജനപ്പെടുത്താമെന്നും കോൺഗ്രസ് നേതാവ് യുഡിഎഫ് പ്രതിനിധികളോട് ആവശ്യപ്പെട്ടതായാണ് പരാതി. ഉദുമയിൽ നിന്നുള്ള നേതാവിനെതിരെയാണ് ഈ ആരോപണം ഉയർന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഈ നേതാവ് യുഡിഎഫ് നേതൃത്വത്തെ സമീപിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥി എ.കെ.എം.അഷറഫ് 2600 വോട്ടുകൾക്ക് പരാജയപ്പെടുമെന്നും, ഇത് മറികടക്കാൻ ബിജെപി ഇവിഎം ഹാക്കിങ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു.
ഹാക്കിങ് തടയാൻ തന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം സജ്ജമാണെന്നും, ഇതിനായി 40 ലക്ഷം രൂപ വേണമെന്നും, അതിൽ 15 ലക്ഷം രൂപ മുൻകൂറായി നൽകണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് ജില്ലയിലെ ചില യുഡിഎഫ് നേതാക്കളെ ഇയാൾ സമീപിച്ചിരുന്നു.
ഒരു എംഎൽഎയും അദ്ദേഹത്തിന്റെ സഹോദരനും ഇയാൾക്ക് പണം നൽകിയതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാസർകോട്, മഞ്ചേശ്വരം, ഉദുമ എന്നീ മണ്ഡലങ്ങളിൽ ബിജെപിയുടെ ഹാക്കിങ് നീക്കങ്ങൾ പൊളിക്കാമെന്നായിരുന്നു വാഗ്ദാനം.
സംഭവത്തിൽ യുഡിഎഫ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിവിധ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുമായുള്ള ഇയാളുടെ ഇടപെടലുകളും അനാവശ്യമായ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളും പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

