സംസ്ഥാനത്തെ തപാൽ സംവിധാനത്തിന്റെ സുപ്രധാന ഭാഗമായ റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) നിർത്തലാക്കി പകരം റോഡ് ട്രാൻസ്പോർട്ട് നെറ്റ്വർക് (ആർടിഎൻ) നടപ്പിലാക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു. തപാൽ ഉരുപ്പടികൾ ട്രെയിനുകൾ വഴി സുരക്ഷിതമായി കൈമാറിയിരുന്ന രീതിക്ക് വിരാമമിട്ട്, വകുപ്പിന്റെ സ്വന്തം വാഹനങ്ങൾ ഉപയോഗിച്ചുള്ള സേവനത്തിലേക്കാണ് മാറ്റം വരുന്നത്.
ജൂലൈ ഒന്നിന് റെയിൽവേയിൽ നിന്നും പിന്മാറാനുള്ള ഔദ്യോഗിക കത്ത് നൽകും. ഇതിന്റെ ഭാഗമായി 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ റോഡ് മാർഗമുള്ള സേവനം ആരംഭിക്കാനാണ് നീക്കം.
തുടർന്ന് ഓഗസ്റ്റ് മാസം മുതൽ പൂർണമായും റോഡ് മാർഗത്തിലേക്ക് മാറാനാണ് കേരള തപാൽ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ ഈ സംവിധാനം നടപ്പിലാക്കിയെങ്കിലും, കേരളത്തിലെ ജീവനക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം വൈകുകയായിരുന്നു.
റെയിൽവേ വഴിയുള്ള തപാൽ നീക്കത്തിന് റോഡ് മാർഗത്തേക്കാൾ ചെലവ് കൂടുതലാണെന്നാണ് തപാൽ വകുപ്പിന്റെ നിലപാട്. എന്നാൽ, കേരളത്തിലെ ഭൂപ്രകൃതിയും റോഡ് സാഹചര്യങ്ങളും കാലാവസ്ഥയും പരിഗണിക്കുമ്പോൾ കൃത്യസമയത്ത് തപാൽ ഉരുപ്പടികൾ എത്തിക്കുക എന്നത് പ്രായോഗികമല്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, തപാൽ വകുപ്പിന്റെ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കാനുള്ള തീരുമാനത്തിനെതിരെയും ആശങ്ക ഉയർന്നിട്ടുണ്ട്. ഇത് പ്രധാന രേഖകൾ കൈമാറ്റം ചെയ്യുന്നതിലെ വിശ്വാസ്യതയെ ബാധിക്കുമെന്നും സേവന നിരക്കുകൾ കുത്തനെ വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർഎംഎസ് ഓഫീസുകൾ അടച്ചുപൂട്ടുന്നതോടെ നിലവിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷയിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

