രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തന ശൈലിയെക്കുറിച്ചും തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളെക്കുറിച്ചും അതീവ ഗൗരവകരമായ വിലയിരുത്തലുകളുമായി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്. പാർട്ടിക്കാരോടും പൊതുജനങ്ങളോടും മാന്യമായി ഇടപെടുന്നതിൽ മന്ത്രിമാരുടെ ഓഫിസുകൾക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രധാന കണ്ടെത്തൽ.
ഇക്കാര്യം റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രത്യേക മന്ത്രിമാരുടെ പേരുകൾ പരാമർശിക്കാൻ പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല. പ്രശ്നം ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചുചേർത്തിരുന്നെങ്കിലും, പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ച മറ്റ് പ്രധാന ഘടകങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങൾ എൽഡിഎഫിനെതിരെ തിരിഞ്ഞത് തിരിച്ചടിയായി. വെള്ളാപ്പള്ളി നടേശനുമായി പാർട്ടി നേതൃത്വത്തിന് അടുത്ത ബന്ധമുണ്ടെന്ന പൊതുധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ അതൃപ്തി സൃഷ്ടിച്ചതായാണ് വിലയിരുത്തൽ.
എന്നാൽ, വെള്ളാപ്പള്ളിയെ പിന്തുണച്ചുകൊണ്ട് മുൻപ് നടത്തിയ ചില പ്രസ്താവനകളുടെ പേരിൽ ആരെയാണ് പ്രതിക്കൂട്ടിലാക്കേണ്ടതെന്ന കാര്യത്തിൽ ജില്ലാ കമ്മിറ്റികളിൽ നിന്ന് ചോദ്യങ്ങളുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിൽ ലത്തീൻ കത്തോലിക്കാ ബിഷപ്പിനെതിരെ കേസെടുത്തതും, തുടർന്നുണ്ടായ പൊലീസ് നടപടികളും തീരദേശ മേഖലയിൽ കനത്ത വോട്ട് ചോർച്ചയ്ക്ക് കാരണമായി.
ഇത് കൊച്ചി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വലിയ അട്ടിമറിക്ക് വഴിവെച്ചു. **കെ.കെ.
ശൈലജ**യെ സ്ഥാനാർത്ഥിയായി നിർത്തിയത് തിരിച്ചടിയായെന്ന തരത്തിൽ താഴേത്തട്ടിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും, അവലോകന റിപ്പോർട്ടിൽ അവരുടെ പേര് എവിടെയും പരാമർശിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിന്റെ വിശ്വാസ്യതയെക്കുറിച്ചും പാർട്ടി വൃത്തങ്ങളിൽ ചർച്ചകളുണ്ട്.
ജില്ലാ കമ്മിറ്റികൾ മുതൽ ലോക്കൽ കമ്മിറ്റികൾ വരെ നടന്ന ചർച്ചകളുടെ മിനിറ്റ്സ് പലയിടത്തു നിന്നും ലഭ്യമായിട്ടും, അതിൽ നിന്ന് തങ്ങൾക്ക് ‘ആവശ്യമുള്ളത്’ മാത്രം എടുത്താണ് സെക്രട്ടേറിയറ്റ് റിപ്പോർട്ട് ക്രോഡീകരിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

