മലയാള സിനിമയിൽ സൈനിക പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾക്ക് പുതിയ മാനം നൽകിയ സംവിധായകനാണ് മേജർ രവി. കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അദ്ദേഹം, തൻ്റെ കരിയറിലെ ഭൂരിഭാഗം ചിത്രങ്ങളിലും നായകനായി എത്തിച്ചത് മോഹൻലാലിനെയാണ്.
ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്ന ഓപ്പറേഷൻ സിന്ദൂർ എന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഈ പ്രോജക്റ്റ് ഉപേക്ഷിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായാണ് മേജർ രവി രംഗത്തെത്തിയത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ഇനിയിപ്പോൾ അത് തുറന്നങ്ങ് പറയാം.
എന്നോട് ലാൽ പറഞ്ഞ ഒരു കാര്യമുണ്ട്. അണ്ണാ.
ഋഷഭ പോലെയുള്ള എൻ്റെ രണ്ട് മൂന്ന് പടങ്ങൾ തുടങ്ങിവച്ചിട്ട് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോൾ നല്ലൊരു പ്രൊഡ്യൂസർ ഇല്ലെങ്കിൽ അത് തുടങ്ങരുത് എന്ന്.
ശരിയെന്ന് ഞാനും പറഞ്ഞു. ഞാൻ നാല് മാസമായിട്ട് ലാലുമായിട്ട് ഈ പടത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല.
പക്ഷേ ഞാൻ എൻ്റെ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇടയിലും അത് നടത്തിയിരുന്നു.
സ്റ്റോറിയെല്ലാം ബോൾഡ് ആക്കി, പട്ടാളത്തിൻ്റെ പെർമിഷൻ എടുത്തു, എല്ലാം ക്ലിയർ ആക്കി. ഇപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ ഒരു പ്രൊഡ്യൂസർ വന്നിട്ടുണ്ട്.
കന്നഡയിൽ നിന്നാണ് വരുന്നത്. ഞങ്ങൾ ഈ പ്രോജക്റ്റ് ചെയ്യും.
കെ-റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതുപോലെയല്ല. ഈ സിനിമ വന്നിരിക്കും.
മനുഷ്യത്വത്തിൻ്റെ ഒരു കഥ അതിൽ ഉണ്ടാവും. ഒപ്പം പ്രതികാരത്തിൻ്റെ ഒരു പീക്കും” – മേജർ രവി വ്യക്തമാക്കി.
മോഹൻലാൽ നായകനായി ഒടുവിൽ മേജർ രവി സംവിധാനം ചെയ്ത ചിത്രം 2017-ൽ പുറത്തിറങ്ങിയ 1971: ബിയോണ്ട് ബോർഡേഴ്സ് ആണ്. ഇതുവരെ പത്ത് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

