പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ നാലാം നിലയുടെ പിൻഭാഗത്ത് നിന്നും കോൺക്രീറ്റ് പാളികൾ അടർന്നുവീണ സംഭവം ആശങ്ക പരത്തുന്നു. കഴിഞ്ഞ ദിവസമാണ് യാത്രക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധിയാളുകൾ നിത്യേന വന്നുപോകുന്ന ഈ കെട്ടിടത്തിൽ അപകടം നടന്നത്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്ന് ഓഫീസുകൾ മാറ്റി സ്ഥാപിക്കാൻ നേരത്തെ നിർദേശം ലഭിച്ചിരുന്നെങ്കിലും, പുതിയ കെട്ടിടങ്ങൾ കണ്ടെത്തുന്നതിലെ കാലതാമസവും ഉയർന്ന വാടകയും കാരണം നടപടികൾ മന്ദഗതിയിലാവുകയായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കെട്ടിടത്തിൽ വിദഗ്ധ പരിശോധന നടത്തിയിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നും കോൺക്രീറ്റ് സാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിനൊടുവിൽ കെട്ടിടം സുരക്ഷിതമല്ലെന്നും ഉപയോഗയോഗ്യമല്ലെന്നും കണ്ടെത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മേയ് 30-നകം എല്ലാ ഓഫീസുകളും മാറ്റി സ്ഥാപിക്കണമെന്ന നിർദേശം അധികൃതർ നൽകിയിരുന്നു. കോടതികളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നു ജില്ലാ കോടതി ഉൾപ്പെടെ 7 കോടതികളും ഇരുപത്തിനാലിലധികം സർക്കാർ ഓഫീസുകളുമാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്.
കോടതികൾ മാറ്റുന്നതിനായി ബിഎസ്എൻഎൽ കെട്ടിടവും മറ്റൊരു സ്വകാര്യ കെട്ടിടവുമാണ് പരിഗണനയിലുള്ളത്. ജില്ലാ കോടതി, അഡീഷണൽ ജില്ലാ കോടതി, മുൻസിഫ് കോടതി, സബ് കോടതി എന്നിവ ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്ന്, രണ്ട് എന്നിവ പൊലീസ് സ്റ്റേഷനു സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയേക്കും. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ ബാർ അസോസിയേഷൻ ജില്ലാ പ്രതിനിധികളായ ബിജു എം.തങ്കച്ചൻ, ദിനേശ് നായർ, ദീപു പീതാംബരൻ എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
അനുമതി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ കോടതി മാറ്റം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യൂ റിക്കവറി ഓഫീസ് കലക്ടറേറ്റിലെ മൂന്നാം നിലയിലേക്ക് ഉടൻ മാറ്റും.
നാല് പതിറ്റാണ്ട് പഴക്കമുള്ള അഞ്ച് നില കെട്ടിടത്തിന്റെ തൂണുകളിൽ വിള്ളലുകളും ചുവരുകളിൽ കമ്പികൾ തുരുമ്പെടുത്ത അവസ്ഥയും പ്രകടമാണ്. എല്ലാ ഓഫീസുകളും ഒഴിഞ്ഞ ശേഷം നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമിക്കാനാണ് സർക്കാരിന്റെ ആലോചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

