ബത്തേരിയിൽ ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട് അയച്ച പരിശോധനാ സാംപിളുകളിൽ കൂടുതൽ ഫലങ്ങൾ പോസിറ്റീവായി. ഇതുവരെ ഫലം ലഭിച്ച ഒൻപത് കേസുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ 7-നാണ് ഈ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്. രോഗലക്ഷണങ്ങളുമായി 514 പേർ ചികിത്സ തേടിയെങ്കിലും, 21 പേരുടെ രക്ത, വിസർജ്യ സാംപിളുകൾ മാത്രമാണ് നിലവിൽ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
ഫലം പോസിറ്റീവായ പലരും ഇതിനകം തന്നെ ആശുപത്രി വിട്ടു കഴിഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.
കെ.ടി. രേഖ വിശദീകരിച്ചു.
“രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.” പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലുടനീളം വ്യാപകമാക്കിയതായി ഡിഎംഒ അറിയിച്ചു. ഇന്ന് മാത്രം 10 പേരെ സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ 45 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ 174 പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ 2227 വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തി. ജില്ലയിലെ 1330 കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും 938 ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
വരും ദിവസങ്ങളിലും ബോധവൽക്കരണ ക്ലാസുകളും മൈക്ക് അനൗൺസ്മെന്റുകളും തുടരുമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.
ഷിഗെല്ല ലക്ഷണങ്ങളുള്ള രോഗികളെത്തിയാൽ വിവരം ഉടൻ തന്നെ ജില്ലാ സർവയലൻസ് യൂണിറ്റിനെ അറിയിക്കണം. മെഡിക്കൽ ഷോപ്പുകൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്നും നിർദ്ദേശമുണ്ട്.
രോഗം റിപ്പോർട്ട് ചെയ്ത സ്കൂളിലെ വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഷിഗെല്ല കൺട്രോൾ സെൽ വഴി കുട്ടികളുടെ വീടുകളിൽ വിളിച്ച് ആരോഗ്യസ്ഥിതി നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കി അടിയന്തരമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണമെന്നും ഡിഎംഒ അഭ്യർഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

