മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള താരമാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ ഹാപ്പി വീണ്ടും തിയറ്ററുകളിൽ എത്തിയതിന്റെ ആവേശത്തിലാണ് സിനിമാ ലോകം.
2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം അക്കാലത്ത് കേരളത്തിലെ തിയറ്ററുകളിൽ 150 ദിവസത്തോളം പ്രദർശിപ്പിച്ച് വലിയ വിജയം കൈവരിച്ചിരുന്നു. ദീർഘകാലത്തിന് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തിയപ്പോൾ ആദ്യമായി ചിത്രം കാണുന്നതുപോലെയുള്ള ആവേശമാണ് ആരാധകർ പ്രകടിപ്പിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജുൻ അവതരിപ്പിച്ച ഡാൻസ് രംഗങ്ങളും തിയറ്ററുകളിൽ ആഘോഷമായി മാറിക്കഴിഞ്ഞു. ചിത്രം കാണാനെത്തിയ ആരാധകർ സ്ക്രീനിന് മുന്നിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കൂടാതെ, സിനിമയിലെ സംഭാഷണങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. തിയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന പ്രേക്ഷകർ അല്ലു അർജുന് ജയ് വിളിക്കുകയും ‘ബണ്ണി കീ ജയ്’ എന്ന് ആർപ്പുവിളിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
മുൻപ് മോഹൻലാലിന്റെ ‘ഛോട്ടാ മുംബൈ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ റീ-റിലീസ് ചെയ്തപ്പോൾ ലഭിച്ച അതേ സ്വീകാര്യതയാണ് ഇപ്പോൾ ഹാപ്പി എന്ന ചിത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. എ.കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബണ്ണി ഭാസ്കർ എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്.
ജെനീലിയ ഡിസൂസ നായികയായി എത്തിയ ചിത്രത്തിൽ, പോലീസ് വേഷത്തിൽ എത്തിയ മനോജ് ബാജ്പേയിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുഷ്പ 2 ഉൾപ്പെടെയുള്ള താരത്തിന്റെ ചിത്രങ്ങൾ മലയാളികൾ വലിയ തോതിൽ ഏറ്റെടുത്തതിന് പിന്നാലെയാണ് പഴയകാല ഹിറ്റ് ചിത്രം കൂടി റീ-റിലീസ് ചെയ്ത് ആരാധകർ ആഘോഷമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

