കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ തുടരുന്ന പ്രതിസന്ധികൾക്കിടെ പാർട്ടിക്ക് കനത്ത തിരിച്ചടിയായി വീണ്ടും രാജ്യസഭാ അംഗങ്ങളുടെ രാജി. പ്രകാശ് ചിക് ബരൈക്ക് ആണ് ഔദ്യോഗികമായി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്.
ഇതോടെ പാർട്ടി വിട്ട രാജ്യസഭാ അംഗങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു.
നേരത്തെ സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർ സമാനമായ രീതിയിൽ സ്ഥാനമൊഴിഞ്ഞിരുന്നു. സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രകാശ് ചിക് ബരൈക്കിന്റെ തീരുമാനം.
ദില്ലിയിൽ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുഷ്മിത ദേവ് പാർട്ടി വിട്ടത്. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.
പശ്ചിമ ബംഗാളിലെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പാർട്ടിയിലെ 80 എംഎൽഎമാരിൽ 60 പേരും വിമത പക്ഷത്താണെന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്.
പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ട് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയാണ് ഈ വിമത നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഋതബ്രത ബാനർജിയെ സംസ്ഥാന പ്രതിപക്ഷ നേതാവായി ഗവർണർ അംഗീകരിച്ചത് പാർട്ടിക്ക് കനത്ത തിരിച്ചടിയായി മാറി. ലോക്സഭയിലും വിമത ശബ്ദങ്ങൾ ശക്തമാകുന്നുണ്ട്.
കാകോലി ഘോഷ് ദസ്തിദാർ നേതൃത്വം നൽകുന്ന വിമത വിഭാഗത്തിന് 20 എംപിമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. സായോനി ഘോഷ്, മാല റോയ്, യൂസഫ് പത്താൻ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവർ ഈ പക്ഷത്താണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയതായും വിവരങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയെ രക്ഷിക്കാൻ മമത ബാനർജിയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ദില്ലി കേന്ദ്രീകരിച്ച് നിർണായക ചർച്ചകൾ നടത്തിവരികയാണ്.
കോൺഗ്രസ് നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയത് ഇരുപാർട്ടികളും ലയിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചെങ്കിലും, ഈ വാർത്തകൾ ഔദ്യോഗികമായി തള്ളിക്കളഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

