കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ പ്രഥമ കോഓർഡിനേറ്ററും പൊതുമരാമത്ത് വകുപ്പ് മുൻ സൂപ്രണ്ടിങ് എൻജിനീയറുമായ സാബു കെ. ഫിലിപ്പ് നടത്തിയ പഠനത്തിൽ മാനാഞ്ചിറ – മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡ് നിർമാണത്തിലെ ഗുരുതരമായ വീഴ്ചകൾ അക്കമിട്ടു നിരത്തുന്നു.
റോഡ് വികസനത്തിലെ സാങ്കേതികമായ പിഴവുകളും നിർമാണത്തിലെ അനാസ്ഥയും ചൂണ്ടിക്കാട്ടി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ താഴെ പറയുന്നവയാണ്. നിർമാണത്തിലെ അപാകതകൾ
എരഞ്ഞിപ്പാലം സരോവരം റോഡ് ജംക്ഷനും പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് ഡിവിഷൻ ഓഫിസിനും ഇടയിലുള്ള മീഡിയനിൽ അനുവദനീയമായതിലും അധികം വളവുകൾ നിർമിച്ചിട്ടുണ്ട്.
സർക്കാർ അംഗീകരിച്ച ലാൻഡ് അക്വിസിഷൻ പ്ലാനിൽ നേരിയ വളവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, നിലവിലെ അധിക വളവുകൾ വാഹനഗതാഗതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്ന ഭാഗങ്ങളിൽ മീഡിയന്റെ ഉയരം കുറയ്ക്കുന്നതിൽ വീഴ്ച പറ്റി. കൂടാതെ, ഫോം വർക്ക് ഉപയോഗിക്കാതെ നിർമിച്ച മീഡിയനുകളുടെ ഉയരം പലയിടത്തും ഏകീകൃതമല്ല.
പൂച്ചെടികൾ നട്ടു പരിപാലിക്കാൻ ഉദ്ദേശിച്ച മീഡിയനുകൾ ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. റോഡ് നിർമാണ അവശിഷ്ടങ്ങളും മണ്ണും ടാറും നിറഞ്ഞ ഈ ഭാഗങ്ങളിൽ ചെടികൾ നനയ്ക്കാനുള്ള സംവിധാനവും നിലവിലില്ല.
ഓടകളിലും ഡക്ടുകളിലും നിർമാണ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം അവ വൃത്തിയാക്കാതെ സ്ലാബുകൾ ഇട്ടു മൂടിയതും ഗുരുതരമായ വീഴ്ചയാണ്. സ്ഥലമേറ്റെടുപ്പും ട്രാഫിക് പ്രശ്നങ്ങളും
മാനാഞ്ചിറ എസ്ബിഐ കോംപൗണ്ട്, എരഞ്ഞിപ്പാലം ജംക്ഷൻ എന്നിവിടങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിൽ റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ 15 വർഷത്തോളം അലംഭാവം കാണിച്ചു.
2006-ൽ എരഞ്ഞിപ്പാലത്ത് താൽക്കാലികമായി അനുവദിച്ച ബങ്കുകൾ ഇപ്പോഴും മാറ്റാത്തത് ബസ് ബേ, ഓവുചാൽ നിർമാണത്തിന് തടസ്സമായി നിൽക്കുന്നു. മലാപ്പറമ്പ് അടക്കമുള്ള ജംക്ഷനുകളിൽ മഴവെള്ളം ഓടകളിലേക്ക് ഒഴുകിയെത്തുന്നതിനായി ഗ്രേറ്റിങ്ങുകൾ സ്ഥാപിച്ചിട്ടില്ല.
ജല അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് വേണ്ടത്ര ബലപ്പെടുത്തിയിട്ടില്ലാത്തത് ഭാവിയിൽ റോഡ് താഴ്ന്നുപോകാൻ കാരണമാകും. ഇഖ്റ ഹോസ്പിറ്റലിന് സമീപമുള്ള ബസ് ബേയിൽ ബസുകൾ നിർത്താത്തതും മാനാഞ്ചിറ-മലാപ്പറമ്പ് ഭാഗത്തെ റോഡരികിലെ പാർക്കിങ്ങും ഗതാഗത തടസ്സങ്ങൾക്ക് വഴിയൊരുക്കുന്നു.
നിർദ്ദേശങ്ങൾ
എരഞ്ഞിപ്പാലത്ത് ഫ്ലൈഓവർ അനിവാര്യമാണെന്നും മലാപ്പറമ്പ് ജംക്ഷനിൽ വിദഗ്ധമായ ട്രാഫിക് പരിഷ്കരണം ആവശ്യമാണെന്നും നാറ്റ്പാക് മുൻ കോഓർഡിനേറ്റർ എൻ. വിജയകുമാർ അഭിപ്രായപ്പെട്ടു.
റോഡ് നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കേരള റോഡ് ഫണ്ട് ബോർഡോ പൊതുമരാമത്ത് വകുപ്പോ പ്രത്യേക എൻജിനീയറിങ് ടീമിനെ ചുമതലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. കൂടാതെ, പാറോപ്പടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് റോഡ് ബലപ്പെടുത്താനും, മലാപ്പറമ്പ് മുതൽ പാറോപ്പടി വരെ സർവീസ് റോഡ് നിർമിക്കാനും അടിയന്തര നടപടി സ്വീകരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

