ആലപ്പുഴ – മാരാരിക്കുളം പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി രേഖകൾക്കും എസ്റ്റിമേറ്റിനും അംഗീകാരം ലഭിച്ചതോടെ തീരദേശ റെയിൽവേ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. ഈ പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ നിലവിലുള്ളതിനേക്കാൾ ഒമ്പത് പാസഞ്ചർ ട്രെയിനുകൾ കൂടി അധികമായി ഓടിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ കണക്കുകൂട്ടൽ.
ഇരട്ടപ്പാതയുടെ ഗുണഫലങ്ങൾ ചരക്കുഗതാഗത മേഖലയിലും പ്രകടമാകും. പ്രതിവർഷം 2.88 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ഈ പദ്ധതി വഴി സാധിക്കും.
ഇതിലൂടെ യാത്രക്കാരുടെ തിരക്ക് കുറയുന്നതിനൊപ്പം റെയിൽവേയുടെ വാർഷിക വരുമാനത്തിൽ 3.08 കോടി രൂപയുടെ വർധനയും അധികൃതർ പ്രതീക്ഷിക്കുന്നു. ട്രെയിനുകൾ വഴിയിൽ പിടിച്ചിടുന്നത് ഒഴിവാകുന്നതിലൂടെ സമയക്രമത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകും.
മിഷൻ 3000 എംടി, ഹൈ ഡെൻസിറ്റി ട്രാഫിക് നെറ്റ്വർക്ക് കോറിഡോർ എന്നീ റെയിൽവേയുടെ മുൻഗണനാ പദ്ധതികളിലാണ് ഈ പാത ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമാണ ഘട്ടത്തിൽ പാതയുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്റർ വരെ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
വളവുകൾ നിവർത്തിയും പാലങ്ങൾ ബലപ്പെടുത്തിയുമാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ഭൂരിഭാഗം സ്ഥലങ്ങളും നിലവിലെ പാതയുടെ പടിഞ്ഞാറു ഭാഗത്തുനിന്നാകും ഏറ്റെടുക്കുക.
എന്നാൽ തുറവൂർ സ്റ്റേഷന് സമീപം പാത കിഴക്കു വശത്തുകൂടി കടന്നുപോകും. പദ്ധതിക്കായി ഏകദേശം 25 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുന്ന ഭൂമിയിൽ പാത നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷത്തോളം സമയം വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ മാത്രം രണ്ടു വർഷത്തോളം നീണ്ട
പ്രവർത്തനങ്ങൾ ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

