ഏറ്റുമാനൂർ പട്ടിത്താനം പൊയ്കപ്പുറം കോളനിയിലെ കാടംകുഴി വീട്ടിൽ താമസിക്കുന്ന 80 വയസ്സുള്ള പത്മാക്ഷിയും, 38 വയസ്സുള്ള മകൾ അമ്പിളിയും നിത്യജീവിതത്തിനായി നടത്തുന്ന പോരാട്ടം ഏവരെയും കണ്ണീരിലാഴ്ത്തുന്നു. അഞ്ചു സെന്റ് സ്ഥലത്തെ കൊച്ചു വീട്ടിൽനിന്ന് ദിവസവും രാവിലെ തുടങ്ങുന്നതാണ് ഇവരുടെ യാത്ര.
ഒന്നര കിലോമീറ്റർ ദൂരം കാൽനടയായി താണ്ടി രാവിലെ 9.30-ഓടെ അമ്പിളിയെ പട്ടിത്താനം സാൻജോസ് സ്പെഷൽ സ്കൂളിൽ എത്തിക്കുന്നതാണ് പത്മാക്ഷിയുടെ ദിനചര്യ. മകളെ സ്കൂളിൽ വിട്ടശേഷം മരച്ചുവട്ടിൽ അല്പനേരം വിശ്രമിക്കും.
ആരോഗ്യപ്രശ്നങ്ങൾ കാരണം അനുഭവപ്പെടുന്ന ക്ഷീണം മാറിയാൽ, തിരക്കേറിയ ബൈപാസ് റോഡരികിലൂടെ വീണ്ടും ഒരു കിലോമീറ്ററോളം നടന്ന് ഇവർ ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുന്നു. ക്ഷേത്രത്തിൽ ലഭിക്കുന്ന അന്നദാനമാണ് ഇവരുടെ പ്രധാന ആശ്രയം.
ചില ദിവസങ്ങളിൽ രാത്രി ഭക്ഷണത്തിനുള്ള വകയും അവിടെനിന്നു കരുതാറുണ്ട്. ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ മകളെയും കൂട്ടി തിരികെ വീട്ടിലേക്കുള്ള നടത്തം തുടങ്ങും.
കഠിനാധ്വാനം ചെയ്താണ് പത്മാക്ഷി പത്തു വർഷം മുൻപ് വരെ ജീവിച്ചിരുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ശുചീകരണ ജോലികളും വീടുകളിലെയും കല്യാണമണ്ഡപങ്ങളിലെയും ജോലികളുമായിരുന്നു ഉപജീവനമാർഗം.
തുടർച്ചയായി വീട്ടുജോലികളും നിർമ്മാണ പ്രവർത്തനങ്ങളും ചെയ്തതിന്റെ ഫലമായി പത്മാക്ഷിയുടെ നടുവ് കുനിഞ്ഞുപോയി. അഞ്ചു വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ ഇരുവരും ഒറ്റയ്ക്കായി.
മലബാറിൽ നിന്ന് എത്തിയ ഇവർക്ക് നാല് മക്കളാണുള്ളത്. ഇതിൽ മൂത്ത മകൻ വർഷങ്ങൾക്കുമുൻപ് നാടുവിട്ടുപോയി.
മറ്റ് രണ്ട് പെൺമക്കൾ ഇടയ്ക്ക് വന്ന് അന്വേഷിക്കാറുണ്ടെങ്കിലും, ഇളയ മകളായ അമ്പിളിയെ സംരക്ഷിക്കാൻ പത്മാക്ഷി തനിച്ച് പൊരുതുകയാണ്. ജന്മനാ ബൗദ്ധിക വെല്ലുവിളി നേരിടുന്ന അമ്പിളിയുടെ പല്ലുകളെല്ലാം പോഷകാഹാരക്കുറവ് മൂലം നഷ്ടപ്പെട്ട
അവസ്ഥയിലാണ്. വ്യക്തമായ സംസാരശേഷി ഇല്ലെങ്കിലും സ്വന്തം കാര്യങ്ങൾ ചെയ്യാൻ മകൾ പ്രാപ്തയാണെന്നത് അമ്മയ്ക്ക് ആശ്വാസം നൽകുന്നു.
ക്ഷേമപെൻഷനും നാട്ടുകാരുടെ സഹായവും മാത്രമാണ് ഇവരുടെ ഏക വരുമാനം. ‘വീടുണ്ട്, കിണറ്റിൽ വെള്ളമുണ്ട്, പിന്നെ കാവലായി ഏറ്റുമാനൂരപ്പനുമുണ്ട്…’ എന്ന് ആത്മവിശ്വാസത്തോടെ പറയുമ്പോഴും, വയോധികയായ തനിക്ക് ഇനി എത്രകാലം ഈ നടത്തം തുടരാൻ കഴിയുമെന്ന ആശങ്ക പത്മാക്ഷി പങ്കുവെക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

