തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് പാർട്ടി തലത്തിൽ നടത്തിയ പരിശോധനകളിൽ, കീഴ്ഘടകങ്ങളിൽ നിന്നും ജില്ലാ കമ്മിറ്റികളിൽ നിന്നും ഉയർന്ന നിർണായക വിമർശനങ്ങൾ അവഗണിച്ച് സിപിഎം റിവ്യൂ റിപ്പോർട്ട്. തോൽവി സംബന്ധിച്ച് “നിർഭയമായ” അഭിപ്രായപ്രകടനം നടത്താൻ അവസരം നൽകുമെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, പല പ്രധാന വിഷയങ്ങളും അന്തിമ റിപ്പോർട്ടിൽ ഇടംപിടിച്ചില്ല.
തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെതിരെ ജില്ലാ കമ്മിറ്റികളിൽ രൂക്ഷമായ വിമർശനം ഉയരുകയും അത് എം.വി.
ഗോവിന്ദനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, റിവ്യൂ റിപ്പോർട്ടിൽ ഈ വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മാത്രമായുള്ള പിഴവായി ചുരുക്കി.
സമാനമായി, പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവർത്തന ശൈലിക്കും ശരീരഭാഷയ്ക്കുമെതിരെ കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് എതിരഭിപ്രായങ്ങൾ ഉയർന്നെങ്കിലും, നേതാക്കളെ കേന്ദ്രീകരിച്ചുള്ള ഇത്തരം വിമർശനങ്ങളൊന്നും ഔദ്യോഗിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
കെ.കെ. ശൈലജയെ വിജയസാധ്യതയില്ലാത്ത മണ്ഡലത്തിൽ മത്സരിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും റിപ്പോർട്ടിൽ വ്യക്തമായ മറുപടിയില്ല.
കൂടാതെ, മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെയുള്ള വിമർശനങ്ങളെ, ‘സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനം’ എന്ന വാദത്തിലൂടെ റിപ്പോർട്ട് തള്ളിക്കളയുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളെക്കുറിച്ച് തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ മാത്രമല്ല, മറ്റിടങ്ങളിലും സമാനമായ പരാതികൾ ഉയർന്നിരുന്നു.
പരാജയപ്പെട്ടവരെ വീണ്ടും പരിഗണിച്ചതും സിറ്റിങ് എംഎൽഎമാരെ കൂട്ടത്തോടെ മത്സരത്തിനിറക്കിയതും തെറ്റായ തീരുമാനമായിരുന്നുവെന്ന് അഭിപ്രായമുയർന്നു. മണ്ഡലങ്ങളിലെ എംഎൽഎമാരുടെ സ്വീകാര്യത കണക്കിലെടുത്താണ് ഇത്തരം തീരുമാനമെടുത്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായി കൊല്ലം ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റികളിൽ വിലയിരുത്തലുണ്ടായെങ്കിലും, അത്തരമൊരു സാഹചര്യം ഇല്ലെന്ന നിലപാടാണ് റിവ്യൂ റിപ്പോർട്ടിലുള്ളത്. പകരം, കയർ, കശുവണ്ടി, കൈത്തറി മേഖലകളിലെ തൊഴിൽ പ്രതിസന്ധിയും അസംതൃപ്തിയുമാണ് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചതെന്ന് റിപ്പോർട്ട് സമ്മതിക്കുന്നു.
പയ്യന്നൂർ മണ്ഡലത്തിലെ വിഭാഗീയത അയൽ മണ്ഡലമായ തൃക്കരിപ്പൂർ വരെ ബാധിച്ചുവെന്ന കാസർകോട് ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തൽ റിപ്പോർട്ടിൽ ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ച് കാര്യമായ പരാമർശങ്ങളില്ലെങ്കിലും, പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ നിന്നു ചിലരെ മാറ്റിയ നടപടി ഇതിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കപ്പെടുന്നു.
വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതും, ശബരിമല സ്വർണക്കൊള്ളക്കേസിൽ പത്മകുമാറിനെതിരെയുള്ള നടപടികൾ വൈകിയതും, ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പും മാത്രമാണ് നേതൃത്വം അംഗീകരിച്ച പ്രധാന പിഴവുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

