ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കൻ എംബസിയിലെ സിഡിഎ ജെയ്സൺ മീക്സിനെ ഇന്ത്യ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.
ചരക്കുകപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അക്രമ സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ കർശന നിലപാട് സ്വീകരിച്ചു. കപ്പലിന് നേരെയുണ്ടായ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് അമേരിക്കൻ സെൻട്രൽ കമാൻഡ് നേരത്തെ രംഗത്തെത്തിയിരുന്നു.
കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നും നിരന്തരം നൽകിയ നിർദേശങ്ങൾ അവഗണിച്ചെന്നുമാണ് അമേരിക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നത്. ഹോർമുസ് കടലിടുക്കിന് സമീപത്തുവെച്ച് എണ്ണ ടാങ്കറായ സെറ്റെബെല്ലോയുടെ എൻജിൻ റൂമിൽ മിസൈൽ പതിച്ചാണ് തീപിടുത്തമുണ്ടായത്.
പലാവു പതാക വഹിച്ച കപ്പലിൽ ഉണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണ്. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
അപകടത്തെത്തുടർന്ന് 21 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരെ ഇപ്പോഴും കാണാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മസ്കറ്റിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി സഹകരിച്ച് തിരച്ചിൽ നടപടികൾ തുടരുകയാണ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ ഇവിടെ സുരക്ഷാ സാഹചര്യം ആശങ്കാജനകമായി തുടരുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇറാനിയൻ ഷിപ്പിംഗിനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നാവിക ഉപരോധവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രി വിലയിരുത്തുന്നത്.
ഇറാൻ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഏപ്രിൽ പകുതിയോടെയാണ് വാഷിംഗ്ടൺ ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

