ക്ഷേത്രഭരണത്തിലും പൂജകളുടെ നടത്തിപ്പിലും സാമ്പത്തിക ക്രമക്കേടുകൾ നിലനിൽക്കുന്നതായും സുതാര്യതയിൽ വീഴ്ച സംഭവിച്ചതായും വിജിലൻസ് റിപ്പോർട്ട് കണ്ടെത്തിയതിനെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കർശന നിർദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് വി.
രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം ബോർഡ് കോടതിയിൽ സമർപ്പിക്കണം.
ഇതിൽ സുനിൽ കുമാർ (സുനിൽ സ്വാമി) ഉൾപ്പെടെയുള്ള സ്പോൺസർമാരുടെ സ്റ്റോക്ക് റജിസ്റ്ററുകൾ, രസീതുകൾ, പർച്ചേസ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബോർഡിന്റെ മുൻകാല അക്കൗണ്ടുകൾ പരിശോധിച്ച സ്വതന്ത്ര ഓഡിറ്റർമാരുടെ റിപ്പോർട്ടുകളുടെ പകർപ്പും ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ഈ രേഖകൾ സംസ്ഥാന ഓഡിറ്റ് വകുപ്പ് സ്വതന്ത്രമായി പരിശോധിച്ച് സാമ്പത്തിക നടത്തിപ്പിലെ സുതാര്യത സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. നിലവിലെ സംവിധാനത്തിൽ അഴിമതി തടയാൻ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടോ എന്നത് ഈ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കണം.
കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും. പ്രധാന ക്രമക്കേടുകൾ ഇങ്ങനെ:
* അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ നടപടികൾ: കൃത്യമായ ബില്ലുകളോ വൗച്ചറുകളോ ഇല്ലാതെ അഷ്ടാഭിഷേകം ഒന്നിന് 300 രൂപ വീതം സപ്ലയർ ചെലവെന്ന പേരിൽ കൈപ്പറ്റുന്നത് ഗുരുതര വീഴ്ചയായി കോടതി വിലയിരുത്തി.
* ഏകപക്ഷീയമായ സംഭരണം: മാസപൂജകൾക്ക് ഏകദേശം 3,00,000 രൂപയുടെയും മണ്ഡല-മകരവിളക്ക് കാലത്ത് ഏകദേശം 18,00,000 രൂപയുടെയും പൂജാസാധനങ്ങൾ സുനിൽ കുമാർ എന്ന വ്യക്തിയിൽ നിന്ന് മാത്രം വർഷങ്ങളായി വാങ്ങുന്നത് അഴിമതിക്ക് വഴിവെക്കുന്നതായി കോടതി നിരീക്ഷിച്ചു.
* രേഖകളിലെ വീഴ്ച: ദേവസ്വം ബോർഡ് ഉത്തരവ് പ്രകാരം ഫോം നമ്പർ 3-ൽ രസീത് നൽകണമെന്നും നിവേദ്യ റജിസ്റ്റർ സൂക്ഷിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ല.
പരിശോധിച്ച ബില്ലുകളിൽ യഥാർഥ കണക്കുകൾക്ക് പകരം അളവുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
* ഓഡിറ്റ് തടസ്സം: സാമ്പത്തിക നഷ്ടം കണ്ടെത്താൻ ഓഡിറ്റ് വിഭാഗത്തിന് നിർദേശം നൽകിയിരുന്നെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് മൂന്നാഴ്ച കൂടി സമയം അനുവദിച്ചു. ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ ഭക്തരുടെ പണം കൈകാര്യം ചെയ്യുമ്പോൾ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും, നിയമപരമായ ഇളവുകൾ ഉണ്ടെങ്കിൽ തന്നെ അത് രേഖാമൂലമാകണമെന്നും കോടതി വ്യക്തമാക്കി.
വഴിപാട് സാധനങ്ങൾ വേഗത്തിൽ കേടുപോകുന്നവ ആയതിനാൽ ബില്ലുകൾ ആവശ്യമില്ലെന്ന ബോർഡിന്റെ വാദം ഭരണതത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി തള്ളിക്കളഞ്ഞു. പർച്ചേസ്, സ്റ്റോക്ക്, അക്കൗണ്ടിങ് എന്നിവ ഒരാളിൽ തന്നെ കേന്ദ്രീകരിക്കുന്നത് തട്ടിപ്പുകൾക്ക് ഇടയാക്കുമെന്നും, പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി കർശനമായി നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

