കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് വലിയ പ്രതിസന്ധിക്ക് വഴിവെക്കുന്നു. 6 യൂണിറ്റുകളിലായി 12 വാർഡുകൾ ആവശ്യമുണ്ടെങ്കിലും നിലവിൽ 11 വാർഡുകൾ മാത്രമാണുള്ളത്.
ഈ വാർഡുകളിലായി 410 കട്ടിലുകൾ മാത്രമാണുള്ളതെങ്കിലും, നിത്യേന 600 മുതൽ 650 വരെ രോഗികളാണ് ഇവിടെ കിടത്തിച്ചികിത്സയിൽ കഴിയുന്നത്. കിടക്കകളുടെ കുറവ് കാരണം വരാന്തകളിലും നിലത്തുമായി രോഗികൾക്ക് ചികിത്സ തേടേണ്ടി വരുന്ന സാഹചര്യം തുടരുകയാണ്.
ഇന്നലെ മാത്രം 4, 7, 8 വാർഡുകളോട് ചേർന്നുള്ള ഭാഗങ്ങളിൽ രോഗികൾ നിലത്തു കിടന്ന് ചികിത്സ തേടുന്ന അവസ്ഥയുണ്ടായി. പനിയും അനുബന്ധ രോഗങ്ങളും ബാധിച്ചവരാണ് ഇതിൽ ഏറെയും.
അടിയന്തര ഇടപെടൽ ആവശ്യമായ മേഖലകൾ മെഡിസിൻ വിഭാഗത്തിൽ ഞായറാഴ്ചകളിൽ എത്തുന്ന രോഗികളുടെ പരിശോധന സുഗമമാക്കുന്നതിനായി ഒരു യൂണിറ്റ് കൂടി ആരംഭിക്കണമെന്ന ആവശ്യം നേരത്തെ സർക്കാരിന് സമർപ്പിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. കൂടാതെ, മെഡിസിൻ വിഭാഗത്തിൽ ഒരു പ്രഫസറുടെയും 6 അസിസ്റ്റന്റ് പ്രഫസർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
ഇതിൽ 3 അസിസ്റ്റന്റ് പ്രഫസർമാർ ദീർഘകാല അവധിയിലാണ്. ഇഎൻടി തിയറ്റർ നവീകരണം മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗത്തിൽ ഇന്റഗ്രേറ്റഡ് ശസ്ത്രക്രിയ തിയറ്റർ നിർമാണം ആരംഭിച്ചിട്ട് 15 മാസമായിട്ടും പൂർത്തിയായിട്ടില്ല.
സർക്കാർ അനുവദിച്ച 1.85 കോടി രൂപയും ഐഡിബിഐ ബാങ്ക് സിഎസ്ആർ ഫണ്ടിൽ നിന്നും ലഭിച്ച 75 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഈ നിർമാണം നടക്കുന്നത്. തിയറ്റർ സജ്ജമാകാത്തതിനാൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നിലവിൽ മുടങ്ങിക്കിടക്കുകയാണ്.
ഡോക്ടർമാരുടെ കുറവ് ന്യൂറോ സർജറി വിഭാഗത്തിൽ രണ്ട് അസിസ്റ്റന്റ് പ്രഫസർമാർ ഒരു വർഷമായി അനുമതിയില്ലാതെ അവധിയിലാണ്. ഇവരുടെ അവധി അപേക്ഷയിൽ സർക്കാർ തീരുമാനമെടുത്താൽ പകരം താൽക്കാലിക നിയമനം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
അതേസമയം, ഇന്റർവെൻഷൻ റേഡിയോളജി വിഭാഗത്തിൽ നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. കഴിഞ്ഞ 7 വർഷമായി ഒറ്റ ഡോക്ടറാണ് ഒപി പ്രവർത്തനങ്ങളും ശസ്ത്രക്രിയകളും കൈകാര്യം ചെയ്യുന്നത്.
പക്ഷാഘാതം ബാധിച്ച രോഗികൾക്ക് ആദ്യത്തെ 6 മണിക്കൂറിനുള്ളിൽ രക്തക്കട്ട നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബെക്ടമി ചികിത്സ ആരംഭിക്കണമെങ്കിൽ ഒരു ഇന്റർവെൻഷൻ റേഡിയോളജിസ്റ്റിന്റെ സേവനം അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്.
ഒപ്പം, നഴ്സുമാരെയും കാത് ലാബ് ടെക്നീഷ്യൻമാരെയും നിയമിച്ചാൽ മാത്രമേ വിഭാഗത്തെ ‘സെന്റർ ഓഫ് എക്സലൻസ്’ എന്ന നിലയിലേക്ക് ഉയർത്താൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

