മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്. അനിൽകുമാർ, സുരക്ഷാ സംഘാംഗങ്ങളായ എസ്.
സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി. വിപിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കേസിൽ ഐപിസി 308-ാം വകുപ്പ് ഉൾപ്പെടുത്തിയതിലെ അസ്വാഭാവികത കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ സ്വഭാവമുള്ള കേസുകളിൽ അന്വേഷണവും പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.
പ്രതികൾ പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്. കോടതി നിർദേശപ്രകാരം, ജൂൺ 11 മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിനായി ഹാജരാകണം.
ഈ സമയത്ത് ഇവരെ കസ്റ്റഡിയിൽ വയ്ക്കാൻ കോടതി അനുവദിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ, ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആൾജാമ്യത്തിലും പ്രതികളെ വിട്ടയക്കാവുന്നതാണ്.
അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. 2023 ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ പ്രതിഷേധിച്ചതിന് കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

