ഇറാൻ-യുഎസ് സംഘർഷത്തിന് പിന്നാലെ പ്ലാറ്റിനം ഇറക്കുമതിയിലുണ്ടായ തടസ്സങ്ങൾ രാജ്യത്തെ കാൻസർ ചികിത്സാ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ, ഒക്സാൽപ്ലാറ്റിൻ തുടങ്ങിയ നിർണ്ണായക കീമോതെറപ്പി മരുന്നുകൾക്കാണ് വിപണിയിൽ കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.
മാസങ്ങളായി തുടരുന്ന ഈ സാഹചര്യം കഴിഞ്ഞ രണ്ടാഴ്ചയോടെ കൂടുതൽ ഗുരുതരമായി മാറിയിരിക്കുകയാണ്. പ്രധാന ആശുപത്രികളിലെ മെഡിക്കൽ സ്റ്റോറുകളിൽ പോലും ഈ മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
പ്ലാറ്റിനത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത്. പ്ലാറ്റിനം വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗ്രാമിന് 3900 രൂപയായിരുന്ന പ്ലാറ്റിനം വില, 2026 ഫെബ്രുവരിയിൽ 8000 രൂപ വരെ ഉയർന്നിരുന്നു. യുദ്ധഭീഷണിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടത് ഇന്ത്യയിലേക്കുള്ള പ്ലാറ്റിനം ഇറക്കുമതിയെ സാരമായി ബാധിച്ചു.
യുഎഇ, തായ്ലൻഡ്, ടാൻസാനിയ, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും പ്ലാറ്റിനം ഇറക്കുമതി ചെയ്യുന്നത്. മരുന്നു നിർമ്മാണച്ചെലവ് ക്രമാതീതമായി ഉയർന്നുവെങ്കിലും, ജീവൻരക്ഷാ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇവയുടെ വില വർദ്ധിപ്പിക്കാൻ മരുന്നു കമ്പനികൾക്ക് സാധിക്കുന്നില്ല.
സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിലനിയന്ത്രണം ലാഭവിഹിതത്തെ ബാധിച്ചതോടെ പല കമ്പനികളും നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായി മരുന്നുകളുടെ വിലയിൽ 50 ശതമാനം വർദ്ധനവ് അനുവദിക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
എന്നാൽ, മരുന്ന് ക്ഷാമം കമ്പനികൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്. കാൻസർ രോഗികളിൽ ഈ ക്ഷാമം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൃത്യമായ ഇടവേളകളിൽ നൽകേണ്ട കീമോതെറപ്പി ചികിത്സ മുടങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാകും.
കാൻസർ രോഗ വിദഗ്ധനായ ഡോ. അജു മാത്യു ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുമ്പോൾ, “കേന്ദ്രസർക്കാർ അവശ്യ മരുന്നായി അംഗീകരിച്ച കാർബോപ്ലാറ്റിൻ പോലുള്ളവയുടെ ക്ഷാമം കേരളത്തിലെ ആശുപത്രികളെയും ബാധിച്ചിട്ടുണ്ടെന്നും പല രോഗികൾക്കും ബദൽ മരുന്നുകളാണ് ഇപ്പോൾ നൽകുന്നത്” എന്ന് വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് ആരോഗ്യമേഖലയുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

