കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികളെ ആക്രമിക്കുകയും കടന്നുപിടിക്കുകയും ചെയ്യുന്ന അജ്ഞാതനായ സാമൂഹ്യവിരുദ്ധനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജനവാസം കുറഞ്ഞതും സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്തതുമായ ഒറ്റപ്പെട്ട
പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ അക്രമം അഴിച്ചുവിടുന്നത്. കൊല്ലം റൂറൽ പോലീസ് പരിധിയിലെ മൂന്ന് വ്യത്യസ്ത സ്റ്റേഷൻ അതിർത്തികളിലായാണ് സമാനമായ രീതിയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രധാന സംഭവങ്ങൾ ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കുവള്ളി-മലനട റോഡിൽ കഴിഞ്ഞ സ്കൂൾ പ്രവേശനോത്സവ ദിനത്തിലാണ് ആദ്യ സംഭവം നടന്നത്. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ, സ്കൂട്ടറിൽ എത്തിയ അക്രമി കടന്നുപിടിക്കുകയായിരുന്നു.
പെൺകുട്ടി സഞ്ചരിച്ചിരുന്ന റോഡിന്റെ ഇരുവശവും മതിലുകളാൽ സുരക്ഷിതമല്ലാത്തതിനാൽ പെൺകുട്ടിക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. സ്കൂട്ടർ നൂറ് മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയ ശേഷം തിരികെ എത്തിയ അക്രമി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
അതേദിവസം തന്നെ കിഴക്കേ കല്ലട മേഖലയിലും സമാനമായ ആക്രമണം നടന്നു. ഇതിനു പിന്നാലെ, ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറേ കല്ലട
തോപ്പിൽ കടവിൽ വച്ച് മറ്റൊരു വിദ്യാർത്ഥിനിയും ആക്രമണത്തിന് ഇരയായി. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ പിന്തുടർന്നെത്തിയ അക്രമി, സൈക്കിൾ ഇടിച്ചിട്ട
ശേഷമാണ് ആക്രമിച്ചത്. പെൺകുട്ടി ബഹളം വെച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഹെൽമെറ്റും മാസ്കും ധരിച്ചാണ് അക്രമി എത്തിയതെന്നും, തന്റെ മാല പൊട്ടിക്കാൻ ശ്രമം നടന്നതായും പെൺകുട്ടി മൊഴി നൽകി. പോലീസ് അന്വേഷണം തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കാൻ പോലീസ് പാടുപെടുകയാണ്.
ആക്രമണത്തിന് ഉപയോഗിക്കുന്നത് നീല നിറത്തിലുള്ള സ്കൂട്ടറാണെന്ന വിവരം മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ള ഏക തുമ്പ്. ഈ സ്കൂട്ടറിൽ വ്യാജ രജിസ്ട്രേഷൻ നമ്പറാണ് പതിച്ചിരിക്കുന്നതെന്നും പോലീസിന് സംശയമുണ്ട്.
പോക്സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

