ലോകകപ്പ് ഫുട്ബോൾ വേദിയിൽ വിവേചനത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ തുടരുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ മത്സരങ്ങൾ നിയോഗിക്കപ്പെട്ട
റഫറിയായിരുന്ന ഒമർ അബ്ദുൾ ഖാദിർ ആർട്ടാന് അമേരിക്കൻ വിമാനത്താവളത്തിൽ വെച്ച് പ്രവേശനം നിഷേധിക്കപ്പെട്ടു. കൃത്യമായ ട്രാവൽ വിസ കൈവശമുണ്ടായിരുന്നിട്ടും മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അദ്ദേഹത്തിന് അധികൃതർ വിലക്കേർപ്പെടുത്തിയത്.
സൊമാലിയയിൽ ജനിച്ച ഇദ്ദേഹം, ചരിത്രത്തിലാദ്യമായാണ് ആ രാജ്യത്ത് നിന്നും ഒരു ഫിഫ റഫറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. സൊമാലിയയിലെ ആഭ്യന്തര സംഘർഷങ്ങൾക്കിടയിലും കഠിനപ്രയത്നം നടത്തിയാണ് ഒമർ അബ്ദുൾ ഖാദിർ ആർട്ടാൻ ഈ നേട്ടം കൈവരിച്ചത്.
ഫുട്ബോൾ താരമാകുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ അദ്ദേഹം പരിക്ക് കാരണം കരിയർ വഴിമാറിയപ്പോഴാണ് റഫറി കുപ്പായമണിഞ്ഞത്. 2018-ൽ ഫിഫ പട്ടികയിൽ ഇടംപിടിച്ച അദ്ദേഹം, 2024-ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിയായി ചരിത്രം കുറിച്ചു.
അതേ വർഷം തന്നെ ആഫ്രിക്കയിലെ മികച്ച റഫറിയായും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ആതിഥേയ രാജ്യത്തിന്റെ നിലപാട് ഈ പ്രതിഭയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സൊമാലിയയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെതിരെ ഫിഫയും മൗനം പാലിക്കുകയാണ്.
ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് ഫിഫ സ്വീകരിച്ചിരിക്കുന്നത്. വിവേചനത്തിന്റെ ഇത്തരം സംഭവങ്ങൾ ലോകകപ്പിൽ ആദ്യമല്ല.
വിസ ലഭിക്കുന്നതിനായി ഒരാൾ ഏകദേശം 18,000 ഇന്ത്യൻ രൂപ (185 യുഎസ് ഡോളർ) നൽകണം. കൂടാതെ, ലോകകപ്പിൽ പങ്കെടുത്ത ചില രാജ്യങ്ങളിലെ പൗരന്മാർ 15,000 യുഎസ് ഡോളർ (ഏകദേശം 15 ലക്ഷം രൂപ) ഡെപ്പോസിറ്റായി നൽകണമെന്ന കർശന വ്യവസ്ഥയും അമേരിക്ക മുന്നോട്ടുവെച്ചിരുന്നു.
2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം, ലോകകപ്പ് യോഗ്യത നേടിയ 48 രാജ്യങ്ങളിൽ 11 രാജ്യങ്ങളിലെ വിസ നിരസിക്കൽ നിരക്ക് 40 ശതമാനത്തിലധികമാണ്. ഇതിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്കും മാധ്യമപ്രവർത്തകർക്കും ആരാധകർക്കും നേരിടേണ്ടി വരുന്ന ഈ വിവേചനം ഫുട്ബോളിന്റെ ഐക്യമെന്ന സന്ദേശത്തിന് മങ്ങലേൽപ്പിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

